ഡബ്ലിന്‍: അയര്‍ലന്‍ഡിലെ മലയാളി സ്ഥാനാര്‍ഥി മഞ്ജു ദേവിക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പരാജയം. അയര്‍ലന്‍ഡിലെ വോട്ടെണ്ണല്‍ പുരോഗമിക്കവെ മലയാളി സമൂഹം ഏറെ ആകാംഷയോടെ കാത്തിരുന്ന ഡബ്ലിന്‍ ഫിംഗല്‍ ഈസ്റ്റിലെ ഫിനഫാള്‍ സ്ഥാനാര്‍ഥി മഞ്ജു ദേവിക്ക് ഇതുവരെ നേടാനായത് 963 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ മാത്രം. വോട്ടെണ്ണല്‍ ആറാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ 8957 വോട്ടുകള്‍ നേടി മഞ്ജുവിന് ഒപ്പം ഒരേ പാനലില്‍ മത്സരിച്ച ഭവന, തദ്ദേശ വകുപ്പ് മന്ത്രി ഡാരാ ഓ' ബ്രീന്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഇവിടെ നിന്നും 3 പ്രതിനിധികളാണ് പാര്‍ലമെന്റിലേക്ക് വിജയിക്കുക. മഞ്ജു നേടിയ 963 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകളില്‍ 500 ല്‍പ്പരം വോട്ടുകള്‍ കൈമാറ്റം ചെയ്താല്‍ മാത്രമെ മന്ത്രി ഡാരാ ഓ' ബ്രീന് വിജയിക്കാന്‍ കഴിയുകയുള്ളു. ഡബ്ലിന്‍ ഫിംഗല്‍ ഈസ്റ്റില്‍ ആകെ 15 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. സിന്‍ഫെയ്ന്‍ പാര്‍ട്ടി പ്രതിനിധിയായ അല്‍ഗ്രോവ്‌സ്, ലേബര്‍ പാര്‍ട്ടിയുടെ ഡങ്കന്‍ സ്മിത്ത് എന്നിവര്‍ യഥാക്രമം 5711, 5554 വോട്ടുകളുമായി രണ്ടും മൂന്നും സ്ഥാനത്ത് തുടരുന്നു. ഇവര്‍ക്ക് കടുത്ത വെല്ലുവിളിയുമായി 5408 വോട്ടുകളുമായി ഫിനഗേല്‍ പാര്‍ട്ടിയുടെ അലന്‍ ഫാരല്‍ നാലാം സ്ഥാനത്ത് ഉണ്ട്. വോട്ടെണ്ണല്‍ പൂര്‍ത്തിയായല്‍ മാത്രമെ ഡാരാ ഓ' ബ്രീന് ഒപ്പം പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ കുറിച്ച് അറിയുവാന്‍ കഴിയൂ. 963 വോട്ടുകള്‍ നേടിയ മഞ്ജു ദേവിയുടെ പ്രകടനത്തെ ഡബ്ലിന്‍ ഫിംഗല്‍ ഈസ്റ്റിലെ ഫിനഫാള്‍ പാര്‍ട്ടി ക്യാംപ് ഏറെ ആഹ്ലാദത്തോടെയാണ് വരവേല്‍ക്കുന്നത്.
തിരഞ്ഞെടുപ്പില്‍ ഒപ്പം മത്സരിച്ച സ്ഥാനാര്‍ഥി മികച്ച വിജയത്തിലേക്ക് എത്തുന്നതില്‍ ഏറെ സന്തോഷം ഉണ്ടെന്നും അയര്‍ലന്‍ഡ് രാഷ്ട്രീയത്തില്‍ പുതുമുഖമായ തനിക്ക് 963 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ നേടാനായത് മികച്ച നേട്ടമായി കരുതുന്നുവെന്നും മഞ്ജു ദേവി പ്രതികരിച്ചു. ഐറിഷ് ജനതയ്ക്ക് ഒപ്പം മണ്ഡലത്തിലെ മലയാളി സമൂഹം നല്‍കിയ പിന്തുണയാണ് ആയിരത്തിനടുത്ത് വോട്ടുകള്‍ നേടാന്‍ സഹായിച്ചത് എന്നും മഞ്ജു ദേവി കൂട്ടിച്ചേര്‍ത്തു. താന്‍ നേടിയ വോട്ടുകള്‍ മന്ത്രി ഡാരാ ഓ' ബ്രീന്റെ വിജയത്തിന് സഹായിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നാഴ്ച കൊണ്ടാണ് ഇത്രത്തോളം വോട്ടുകള്‍ നേടാനായതെന്നും മഞ്ജു ദേവി പറഞ്ഞു.