Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=105.6636 INR  1 EURO=89.1902 INR
ukmalayalampathram.com
Wed 15th Jan 2025
 
 
UK Special
  Add your Comment comment
വോട്ടെണ്ണല്‍ പൂര്‍ത്തിയായി, ഫിനാഫാളും ഫിനഗേലും സംയുക്തമായി സര്‍ക്കാര്‍ രൂപീകരിച്ചേക്കും
reporter

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ നവംബര്‍ 29 ന് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അവസാനത്തെ 12 സീറ്റുകളിലെയും ഫലങ്ങള്‍ പ്രഖ്യാപിച്ചതോടെ ഫിനാഫാള്‍ 48 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 39 സീറ്റുകള്‍ നേടിയ സിന്‍ഫെയ്ന്‍ രണ്ടാമതും 38 സീറ്റുകള്‍ ഫിനഗേല്‍ മൂന്നാമതും എത്തി. ശനിയാഴ്ച രാവിലെ ആരംഭിച്ച വോട്ടെണ്ണല്‍ ഇന്നലെ രാത്രിയോടെ അവസാനിച്ചപ്പോള്‍ രാജ്യത്തെ 43 മണ്ഡലങ്ങളില്‍ നിന്ന് 174 പാര്‍ലമെന്റ് അംഗങ്ങള്‍ (ടിഡി) തിരഞ്ഞെടുക്കപ്പെട്ടു. ഫിനാഫാള്‍, സിന്‍ഫെയ്ന്‍, ഫിനഗേല്‍ തുടങ്ങിയ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെ കൂടാതെ സോഷ്യല്‍ ഡെമോക്രാറ്റ്‌സ് (11), ലേബര്‍ (11), ഇന്‍ഡിപെന്‍ഡന്റ് അയര്‍ലന്‍ഡ് (4), പീപ്പിള്‍ ബി ഫോര്‍ പ്രോഫിറ്റ് -സോളിഡാരിറ്റി (3), അന്റു പാര്‍ട്ടി (2), ഗ്രീന്‍ പാര്‍ട്ടി (1), സ്വതന്ത്രര്‍ (16), മറ്റുള്ളവര്‍ (1) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.

ഇതില്‍ 88 സീറ്റുകള്‍ വേണം ഭരണത്തില്‍ എത്തുവാന്‍. നിലവിലെ സാഹചര്യത്തില്‍ ഫിനാഫാള്‍, ഫിനഗേല്‍ പാര്‍ട്ടികള്‍ വീണ്ടും സഖ്യത്തില്‍ ഏര്‍പ്പെട്ട് ഭരണം പിടിക്കുവാനുള്ള സാധ്യത മുന്നില്‍ കാണുന്നുണ്ട്. എന്നാല്‍ ഇരു പാര്‍ട്ടികള്‍ക്കും കൂടി 86 സീറ്റുകള്‍ ആണ് ഉള്ളത്. ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകളുടെ കുറവ്. ഇവര്‍ക്കൊപ്പം സഖ്യത്തില്‍ ഏര്‍പ്പെട്ട് രാജ്യഭരണത്തില്‍ പങ്കാളി ആയിരുന്ന ഗ്രീന്‍ പാര്‍ട്ടി കൂടി ചേര്‍ന്നാലും ഒരു സീറ്റിന്റെ കുറവാണ് ഉള്ളത്. ഇതിനായി ചെറു പാര്‍ട്ടികളെയോ സ്വതന്ത്രരെയോ ഫിനാഫാള്‍, ഫിനഗേല്‍ നേതാക്കള്‍ സമീപിച്ചേക്കും. തിരഞ്ഞെടുപ്പില്‍ സഖ്യം ചേരാതെ മത്സരിച്ച ഇവരുടെ ഭരണത്തിന് വേണ്ടിയുള്ള സഖ്യനീക്കം എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണം. കഴിഞ്ഞ തവണ മുഖ്യ പ്രതിപക്ഷം ആയിരുന്ന സിന്‍ഫെയ്ന്‍ സഖ്യ ചര്‍ച്ചകളില്‍ ഇനിയും പങ്കാളി ആകുമെന്ന് പറയുന്നുണ്ട്. എന്നാല്‍ അതിനുള്ള സാധ്യത തീരെ ഇല്ലന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഫിനഗേല്‍ നേതാവും പ്രധാനമന്ത്രിയുമായ സൈമണ്‍ ഹാരിസ് (വിക്ലോ), ഫിനാഫാള്‍ നേതാവും ഉപപ്രധാനമന്ത്രിയുമായ മീഹോള്‍ മാര്‍ട്ടിന്‍ (കോര്‍ക്ക് സൗത്ത് സെന്‍ട്രല്‍), സിന്‍ഫെയ്ന്‍ നേതാവ് മേരി ലു മക്‌ഡോണാള്‍ഡ് (ഡബ്ലിന്‍ സെന്‍ട്രല്‍) എന്നിവരാണ് അയര്‍ലന്‍ഡില്‍ വിജയിച്ച പ്രമുഖ നേതാക്കളില്‍ പ്രധാനികള്‍. ഇവരില്‍ ഒരാള്‍ പ്രധാനമന്ത്രിയാകുമെന്നാണ് കരുതപ്പെടുന്നത്. ഫിനാഫാളും ഫിനഗേലും തമ്മില്‍ സഖ്യത്തിലേര്‍പ്പെട്ട് മതിയായ ഭൂരിപക്ഷം നേടിയാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി നേതാവ് എന്ന നിലയില്‍ മീഹോള്‍ മാര്‍ട്ടിന്‍ പ്രധാനമന്ത്രിയായേക്കും. മറിച്ചൊരു സഖ്യം രൂപപ്പെട്ടാല്‍ സിന്‍ഫെയ്ന്‍ നേതാവ് മേരി ലു മക്‌ഡോണാള്‍ഡ് പ്രധാനമന്ത്രി പദത്തില്‍ എത്തിയേക്കാം. മൂന്ന് ദിവസം നീണ്ടു നിന്ന വോട്ടെണ്ണല്ലിന് ഒടുവില്‍ ഇന്നത്തെ ദിവസം അയര്‍ലന്‍ഡിലെ പ്രധാന ചര്‍ച്ച ഇനി ആര് പ്രധാനമന്ത്രി ആകും എന്നതാണ്.

 
Other News in this category

 
 




 
Close Window