ലണ്ടന്‍: ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബംഗ്ലാദേശില്‍ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് യുകെ പാര്‍ലമെന്റ് അംഗങ്ങള്‍. സാഹചര്യങ്ങള്‍ ഏറ്റവും അപകടകരമായ അവസ്ഥയിലാണെന്ന് എംപിമാരായ പ്രീതി പട്ടേലും ബാരി ഗാര്‍ഡിനറും പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ലേബര്‍ പാര്‍ട്ടി എംപി ബാരി ഗാര്‍ഡിനര്‍ യുകെ പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചത്. ഇസ്‌കോണ്‍ പുരോഹിതനായ പ്രഭു ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റിലും എംപിമാര്‍ ആശങ്ക അറിയിച്ചു.ബംഗ്ലാദേശിലെ സാഹചര്യത്തെക്കുറിച്ചും ഹിന്ദു സമൂഹത്തിന് നേരെയുള്ള സമീപകാല ആക്രമണങ്ങളെക്കുറിച്ചും പ്രസ്താവന നടത്തണമെന്ന് ബാരി ഗാര്‍ഡിനര്‍ കോമണ്‍വെല്‍ത്ത്, വികസന കാര്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
''സമാധാനപരമായ പ്രതിഷേധത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ഇസ്‌കോണ്‍ പുരോഹിതനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന് അര്‍ഹമായ നടപടിക്രമങ്ങള്‍ നിഷേധിക്കപ്പെടുകയും രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ജാമ്യം നിഷേധിക്കുകയും ചെയ്തതില്‍ ജനങ്ങള്‍ ആശങ്കാകുലരാണ്. എന്നിട്ടും ക്ഷേത്രങ്ങള്‍ ആക്രമിച്ചവരെ ആരെയും പിടികൂടുകയോ കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ല,'' ഗാര്‍ഡിനര്‍ ചൂണ്ടിക്കാട്ടി. കണ്‍സര്‍വേറ്റിവ് എംപിയായ പ്രീതി പട്ടേലും ഗാര്‍ഡിനറുടെ പ്രസ്താവനയെ പിന്തുണച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ അനിയന്ത്രിതമായ അവസ്ഥയിലേക്ക് നീങ്ങുന്നത് ഭീതിയും ഞെട്ടലും ഉളവാക്കുന്നു. ബംഗ്ലാദേശിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിന് ധാക്കയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ സജീവമായി ഇടപെടുന്നുവെന്ന് ഉറപ്പാക്കുമെന്ന് അവര്‍ പറഞ്ഞു.