ലണ്ടന്‍: പുതിയ നികുതി വര്‍ധനവുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാതെ ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. 40 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി ഭാരമാണ് റീവ്സ് ചുമത്തിയത്. നാഷണല്‍ ഇന്‍ഷുറന്‍സിലെ എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ കുത്തനെ ഉയര്‍ത്തി 25 ബില്ല്യണ്‍ പൗണ്ട് കണ്ടെത്താനുള്ള തന്ത്രം തൊഴിലവസരങ്ങളെ ബാധിക്കുകയും, വില വര്‍ധനവിന് ഇടയാക്കുമെന്നും ബിസിനസ്സുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ രോഷം കുറയ്ക്കാന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രിയില്‍ സംസാരിക്കവെ കൂടുതല്‍ കടമെടുപ്പും, നികുതി വര്‍ധനവും ഉണ്ടാകില്ലെന്നാണ് റീവ്സ് അവകാശപ്പെട്ടത്.
എന്നാല്‍ നം. 10 ഈ വാദത്തില്‍ നിന്നും അകലം പാലിച്ചത് ശ്രദ്ധേയമായി. കൂടാതെ ഇന്നലെ കോമണ്‍സില്‍ നാല് തവണയാണ് ഈ വാഗ്ദാനം ആവര്‍ത്തിക്കാന്‍ റീവ്സ് തയ്യാറാകാതിരുന്നത്. ഷാഡോ ചാന്‍സലര്‍ മെല്‍ സ്ട്രൈഡ് ഇനിയൊരു നികുതി വര്‍ധനവ് ഉണ്ടാകില്ലെന്ന് ഉറപ്പാണോയെന്ന് ചോദിച്ചപ്പോഴാണ് ഇക്കഴിഞ്ഞ ബജറ്റ് പോലൊന്ന് ആവര്‍ത്തിക്കാന്‍ ആരും ആഗ്രഹിക്കില്ലെന്ന് പറഞ്ഞ് റേച്ചല്‍ റീവ്സ് തലയൂരിയത്. ഏതായാലും ജനങ്ങള്‍ക്ക് നികുതി ഭാരത്തില്‍ നിന്നും ഉടനെയൊന്നും മോചനമുണ്ടാകില്ലെന്ന് ചുരുക്കം. ബജറ്റിലെ ആഘാതം നിമിത്തം ലേബറിന്റെ ജനപ്രീതിയില്‍ വലിയ ഇടിവ് നേരിട്ടിരുന്നു.