ലണ്ടന്‍: അധികാരത്തിലെത്തിയാല്‍ റെയില്‍വേ ദേശസാല്‍ക്കരിക്കുമെന്ന വാഗ്ദാനം ലേബര്‍ സര്‍ക്കാര്‍ പാലിച്ചു. തീരുമാനം നടപ്പാക്കുന്നതിനായി മൂന്ന് പ്രധാന റെയില്‍വേ കമ്പനികളെയാണ് ഉടന്‍ ദേശസാല്‍ക്കരിക്കുന്നത്. ഇംഗ്ലണ്ടിലെ പ്രധാന റെയില്‍ കമ്പനികളായ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ കമ്പനി മേയ് മാസത്തിലും സി-ടു-സി റെയില്‍വേ ജൂലൈയിലും ഗ്രേറ്റര്‍ ആംഗ്ലിയ ഒക്ടോബറിലും ദേശസാല്‍ക്കരിക്കുമെന്ന് ഗതാഗത മന്ത്രാലയം സ്ഥിരീകരിച്ചു. ഓപ്പറേറ്റര്‍മാരുടെ കരാര്‍ കാലാവധി അവസാനിക്കുന്നതിന് പരിഗണിച്ചാണ് തീയതികള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച പാര്‍ലമെന്റ് പാസാക്കിയ 'ദി പാസഞ്ചര്‍ റെയില്‍വേ സര്‍വീസ് (പബ്ലിക് ഓണര്‍ഷിപ്പ്) ആക്ട് 2024' പ്രകാരമാണ് സ്വകാര്യ കമ്പനികളുടെ പക്കല്‍നിന്നും ഈ റെയില്‍വേ സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ സ്വാഗതം ചെയ്യുമ്പോഴും ഇത് തെറ്റായ തീരുമാനമാണെന്ന് വിമര്‍ശിക്കുന്നവരും ഏറെയാണ്.
സാങ്കേതിക വിദ്യയിലും അടിസ്ഥാന വികസനത്തിലും കൂടുതല്‍ നിക്ഷേപം വരാന്‍ സ്വകാര്യ മേഖല തന്നെയാണ് നല്ലതെന്നാണ് വിമര്‍ശകരുടെ വാദം. എന്നാല്‍ മികച്ച സര്‍വീസിനും ചെലവുകുറഞ്ഞ യാത്രയ്ക്കും പൊതുമേഖലയില്‍ തന്നെ റെയില്‍വേ നിലനില്‍ക്കുന്നതാണ് നല്ലതെന്നാണ് തീരുമാനത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ജീവനക്കാരില്‍ മഹാഭൂരിപക്ഷവും ദേശസാല്‍ക്കരണത്തിന് അനുകൂലമാണ്. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഇംഗ്ലണ്ടിലും വെയില്‍സിലും സ്‌കോട്ട്‌ലന്‍ഡിലും റെയില്‍വേ സ്വകാര്യവല്‍ക്കരണം നടപ്പാക്കിയത്. ട്രെയിന്‍ ഓപ്പറേറ്റിങ് കമ്പനികള്‍ക്കും ഫ്രാഞ്ചൈസികള്‍ക്കും രാജ്യത്തെ വിവിധ റെയില്‍വേ ലൈനുകള്‍ നിശ്ചിതകാലത്തേക്ക് ഏറ്റെടുത്ത് നടത്താന്‍ അന്നത്തെ ടോറി സര്‍ക്കാരാണ് അനുമതി നല്‍കിയത്. നോര്‍തേണ്‍ അയര്‍ലന്‍ഡില്‍ 1948 മുതല്‍ പൊതുമേഖലയില്‍ തന്നെയാണ് റെയില്‍വേ. തുടക്കത്തില്‍ സ്വകാര്യവല്‍ക്കരണ തീരുമാനം റെയില്‍ ഗതാഗതമേഖലയ്ക്ക് ഊര്‍ജം പകര്‍ന്നെങ്കിലും പിന്നീട് സ്വകാര്യ കമ്പനികള്‍ യാത്രാക്കൂലി വര്‍ധിപ്പിക്കുകയും ലാഭം മാത്രം നോക്കി സര്‍വീസ് നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ മാറി.
ജീവനക്കാരുടെ ശമ്പള വര്‍ധനയും ആനുകൂല്യങ്ങളും സ്വകാര്യ മേഖലയില്‍ ഹനിക്കപ്പെട്ടു. ഇതോടെയാണ് റെയില്‍വേ പുനര്‍ ദേശസാല്‍ക്കരണം എന്ന ആശയം ബലപ്പെട്ടത്. ലേബര്‍ പാര്‍ട്ടിയുടെ തൊഴിലാളി യൂണിയനുകളാണ് ഇതിനായി ശബ്ദമുയര്‍ത്തിയതും പ്രവര്‍ത്തിച്ചതും. കോവിഡ് കാലത്ത് അടിയന്തര സാഹചര്യം നേരിടാന്‍ രാജ്യത്തെ എല്ലാ റെയില്‍വേ കമ്പനികളുടെയും നിയന്ത്രണം സര്‍ക്കാര്‍ താല്‍ക്കാലികമായി ഏറ്റെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം പിന്നീട് വെയില്‍സിലും സ്‌കോട്ട്‌ലന്‍ഡിലും റെയില്‍ കമ്പനികളുടെ നിയന്ത്രണം സര്‍ക്കാര്‍ പൂര്‍ണ്ണമായും ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇംഗ്ലണ്ടില്‍, സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് കരാര്‍ പുതുക്കി നല്‍കി. ദേശസാല്‍ക്കരണം റെയില്‍വേ സര്‍വീസിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുമെന്നും സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്തുമെന്നും സര്‍വോപരി പ്രതിവര്‍ഷം ഫീസിനത്തില്‍ നല്‍കിയിരുന്ന 500 മില്യന്‍ പൗണ്ടിന്റെ നഷ്ടം ഒഴിവാക്കുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.
ഗ്രേറ്റര്‍ ബ്രിട്ടിഷ് റെയില്‍വേ (ജി.ബി.ആര്‍) എന്ന പേരില്‍ പുതുതായി രൂപം നല്‍കുന്ന പൊതുമേഖലാ സംരംഭമാകും സ്വകാര്യ കമ്പനികളുടെ പക്കലുള്ള സര്‍വീസ് കരാറുകള്‍ ഏറ്റെടുത്തു നടത്തുക. റെയില്‍വേ അടിസ്ഥാന സൗകര്യ വികസനവും അറ്റകുറ്റപ്പണിയും ഉള്‍പ്പെടെയുള്ള ഉത്തരവാദിത്വങ്ങളും ഈ കമ്പനി കാലക്രമത്തില്‍ നെറ്റ്വര്‍ക്ക് റെയിലിന്റെ പക്കല്‍നിന്നും ഏറ്റെടുക്കും. മേയ് മാസത്തില്‍ ദേശസാല്‍ക്കരിക്കുന്ന സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ആഴ്ചയില്‍ 1500 സര്‍വീസുകളാണ് ഇപ്പോള്‍ നടത്തുന്നത്. സൗത്ത് വെസ്റ്റ് ലണ്ടന്‍, സൗത്ത് ഓഫ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ഇവരുടെ പ്രധാന സര്‍വീസുകള്‍. ഈസ്റ്റ് ലണ്ടന്‍, സൗത്ത് എസെക്‌സ് എന്നിവിടങ്ങളിലെ 26 സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകളാണ് സി-ടു-സി നടത്തിവരുന്നത്. ലണ്ടനില്‍നിന്നും നോര്‍ഫോക്‌സ്, സഫോക്‌സ്, കേംബ്രിജ്‌ഷെയര്‍, ഹെര്‍ട്‌ഫോര്‍ഡ്‌ഷെയര്‍, എസെക്‌സ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന കമ്പനിയാണ് ഗ്രേറ്റര്‍ ആംഗ്ലിയ.