ലണ്ടന്‍: ഇംഗ്ലണ്ടില്‍ മാലിന്യ സംസ്‌കരണം പുതിയ തലത്തിലേക്ക്. ഇനിമുതല്‍ ഓരോ വീട്ടിലും നാല് ബിന്നുകള്‍ വീതം ഉണ്ടാകും. 2025 മാര്‍ച്ചില്‍ പുതിയ രീതി നിലവില്‍ വരും. വിവിധതരം മാലിന്യങ്ങള്‍ക്കായി ഏഴ് ബിന്നുകള്‍ വരെയാണ് ആദ്യം നിര്‍ദേശിച്ചിരുന്നത്. പിന്നീട് ഇത് നാലായി കുറയ്ക്കുന്ന ഒരു നവീകരിച്ച പദ്ധതിയാണ് തയാറാക്കിയത്. വിവിധ വിഭാഗത്തില്‍പ്പെട്ട മാലിന്യങ്ങള്‍ക്കായാണ് 4 ബിന്നുകള്‍ ഉപയോഗിക്കപ്പെടുന്നത്.
ഇംഗ്ലണ്ടില്‍ ഉടനീളം ഒരു ഏകീകൃത റിസൈക്ലിംഗ് നയം സൃഷ്ടിക്കുകയാണ് പുതിയ മാറ്റത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. പുനരുപയോഗം ചെയ്യാവുന്ന മാലിന്യങ്ങളുടെ കാര്യക്ഷമമായ സംസ്‌കരണം വ്യത്യസ്ത വിഭാഗങ്ങള്‍ക്കായി 4 ബിന്നുകള്‍ അവതരിപ്പിക്കുന്നതിലൂടെ സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് മലിനീകരണത്തിന്റെ അപകട സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ഇതിനോട് അനുബന്ധിച്ച് പ്ലാസ്റ്റിക്, ലോഹങ്ങള്‍, ഗ്ലാസ് തുടങ്ങിയ മറ്റെല്ലാ ഡ്രൈ റീസൈക്കിള്‍ ചെയ്യാവുന്നവയും ഒരുമിച്ച് ശേഖരിക്കാം.