പാറശാലയില്‍ ആണ്‍സുഹൃത്തായ ഷാരോണ്‍രാജിനെ കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എ എം ബഷീറാണ് വിധിപ്രസ്താവിച്ചത്. ശിക്ഷാവിധി ശനിയാഴ്ച. കേസിലെ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ കോടതി വെറുതെവിട്ടു. എന്നാല്‍ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായര്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു തടസമാകുമെന്നതിനാലാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമങ്ങള്‍ക്ക് സിന്ധു ഒത്താശ ചെയ്തു കൊടുത്തെന്നും കീടനാശിനി ഗ്രീഷ്മയ്ക്ക് വാങ്ങി നല്‍കിയത് നിര്‍മല കുമാരന്‍ നായരാണ് എന്നും പൊലീസ് കണ്ടെത്തിയിരുന്നു.
2022 ഒക്ടോബര്‍ 25നാണ് ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് അവശനിലയിലായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഷാരോണ്‍ മരണപ്പെടുന്നത്. മരണത്തില്‍ സംശയം ആരോപിച്ച് കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ ചുവടുപിടിച്ച് പൊലീസ് ചെന്നെത്തിയത് കേരള മനഃസാക്ഷിയെ തന്നെ ഞെട്ടിച്ച കൊലയിലേക്കായിരുന്നു.
നിരപരാധിയാണെന്ന് തെളിയിക്കാന്‍ ആദ്യവസാനം ഗ്രീഷ്മ ശ്രമിച്ചെങ്കിലും പൊലീസിന്റെ അന്വേഷണമികവില്‍ അധികം പിടിച്ചു നില്‍ക്കാനായില്ല. 2022 ഒക്ടോബര്‍ 31ന് ഗ്രീഷ്മയെ പൊലീസ് അറസ്റ്റു ചെയ്തു. ശാരീരിക ബന്ധത്തിനെന്നുപറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു അരുംകൊല നടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. |