മഹാ കുംഭമേള ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ആരംഭിച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടു. മഹാ കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ സന്യാസിമാരില്‍ പലരും പ്രത്യേകതകള്‍ കൊണ്ട് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.
ഉയരം കൊണ്ട് ശ്രദ്ധേയനായി മാറിയിരിക്കുകയാണ് റഷ്യക്കാരനായ മസ്‌കുലര്‍ ബാബ. നേപ്പാളില്‍ നിന്നാണ് മസ്‌കുലര്‍ ബാബ കുംഭമേളയില്‍ പങ്കെടുക്കാനായി എത്തിയിരിക്കുന്നത്. ആത്മ പ്രേം ഗിരി മഹാരാജ് എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്.
കഴിഞ്ഞ 30 വര്‍ഷമായി സനാതന ധര്‍മം സ്വീകരിച്ച് ഹിന്ദു മതത്തോട് അടുത്ത് നില്‍ക്കുന്ന റഷ്യക്കാരനാണ് ആത്മ പ്രേം ഗിരി മഹാരാജ്. അദ്ധ്യാപകനായിരുന്ന അദ്ദേഹം ജോലി ഉപേക്ഷിച്ച് ആത്മീയതയിലേക്ക് പ്രവേശിക്കുകയായിരുന്നു.
ഏഴടി ഉയരമുളള മസ്‌കുലര്‍ ബാബ രുദ്രാക്ഷ മാല അണിഞ്ഞ് കാവി വസ്ത്രം ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളും വൈറലായിട്ടുണ്ട്. പലരും അദ്ദേഹത്തെ പരശുരാമന്റെ ആധുനിക അവതാരമായാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
അതുപോലെ മറ്റൊരു സന്യാസിയും കുംഭമേളയില്‍ മറ്റുളളവരുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. എയ്റോസ്പേസ് എഞ്ചിനീയറായിരുന്ന ഹരിയാന സ്വദേശി അഭി സിംഗിന്റെ ചിത്രങ്ങളാണ് വൈറലായത്. ഇദ്ദേഹം ഐഐടി ബാബ എന്നാണ് അറിയപ്പെടുന്നത്. ജോലി ഉപേക്ഷിച്ച് ആത്മീയതയിലേക്ക് പ്രവേശിക്കുകയായിരുന്നു അഭി സിംഗ്. |