പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന യുകെയിലെ കലാകാരന്മാരുടെയും കലാസ്വാദകരുടെയും സംഘടനായ കേരളാ ആര്‍ട്സ് ലവേഴ്സ് അസോസിയേഷന്‍ - കല ഹാംപ്‌ഷെയറിന് നവ നേതൃത്വം. പ്രമുഖ സംഘാടകനായ റെജി കോശിയാണ് പുതിയ ചെയര്‍മാന്‍. അരുണ്‍ ദേവ് സെക്രട്ടറി ആയും ടെന്നിസണ്‍ സ്‌കറിയ ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. സിബി മേപ്രത്ത്, ഉണ്ണികൃഷ്ണന്‍, ജോയ്സണ്‍ ജോയ്, ജോര്‍ജ്ജ് എടത്വാ എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ അംഗങ്ങള്‍ ആയിരിക്കും.
മുന്‍ ചെയര്‍മാന്‍ സിബി മേപ്രത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗമാണ് 2025-2026 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനസമിതിയെ തിരഞ്ഞെടുത്തത്.
2009ല്‍ സൗത്താംപ്റ്റണിലെയും പോര്‍ട്സ്മൗത്തിലെയും കലാകാരന്മാരും കലാസ്വാദകരും ചേര്‍ന്ന് യുകെയിലെ കലാകാരന്മാരും കലാസ്വാദകരും ഒന്നുചേരാനുള്ള വേദിയായിട്ടാണ് കലയുടെ രൂപീകരണം. മീറ്റോ ജോസഫ് ചെയര്‍മാനായും ജോര്‍ജ്ജ് എടത്വ സെക്രട്ടറിയായും അന്തരിച്ച ഷിബു താണ്ടമ്പറമ്പില്‍ ട്രെഷററായും രൂപീകരിച്ച പ്രഥമ കമ്മറ്റിയുടെ നേതൃത്വത്തില്‍ കലയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ഉണ്ണികൃഷ്ണന്‍ നായര്‍, ജിഷ്ണു ജ്യോതി, സിബി മേപ്രത്ത് എന്നിവര്‍ കലയുടെ ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചവരാണ്. അതില്‍ സിബി മേപ്രത്ത് ചെയര്‍മാന്‍ ആയും ജെയ്‌സണ്‍ ബത്തേരി സെക്രട്ടറിയായും ദീര്‍ഘകാലം കലയുടെ നേതൃത്വ ചുമതല വഹിച്ചവരാണ്.
കലയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സിനിമ സംഗീത കുലപതികള്‍ക്ക് ആദരവ് അര്‍പ്പിക്കാന്‍ ആരംഭിച്ച ഓള്‍ഡ് ഈസ് ഗോള്‍ഡ് 'അനശ്വരഗാനങ്ങളുടെ അപൂര്‍വ്വ സംഗമം' എന്ന സംഗീത സംഗമത്തിന്റെ 15-ാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കലയുടെ പിന്നണിക്കാര്‍. 2025 മെയ് 24ന് സൗത്താപ്റ്റണില്‍ വെച്ചായിരിക്കും ചടങ്ങ് നടക്കുക. |