Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=108.9206 INR  1 EURO=90.9587 INR
ukmalayalampathram.com
Fri 07th Feb 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
നിയമസഭയില്‍ നാടകീയ രംഗങ്ങള്‍, ക്ഷുഭിതനായി സതീശന്‍
reporter

തിരുവനന്തപുരം: കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കല രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയത് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. അനൂപ് ജേക്കബ് എംഎല്‍എയാണ് അടിയന്തര പ്രമേയമായി വിഷയം സഭയില്‍ ഉന്നയിച്ചത്. കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ടുപോയത് പൊലീസിന്റെ ഒത്താശയോടെയാണെന്ന് പ്രതിപക്ഷം പറഞ്ഞു. സംസ്ഥാനത്ത് ജനാധിപത്യമല്ല, ഗുണ്ടാധിപത്യമാണ്. വിധവയായ സ്ത്രീയെ പൊതുജനമധ്യത്തില്‍ വസ്ത്രാക്ഷേപം ചെയ്തെന്ന് അനൂപ് ജേക്കബ് ആരോപിച്ചു. ആരോപണങ്ങളെ മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിക്കളഞ്ഞു. കല രാജുവിനെ നഗരസഭ ചെയര്‍പേഴ്സന്റെ കാറില്‍ കൂട്ടിക്കൊണ്ടുപോയതായി പരാതിയുണ്ട്. സംഭവത്തില്‍ കൗണ്‍സിലറുടെ മകന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കല രാജു വീട്ടിലുണ്ടെന്ന് അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയും, തുടര്‍ന്ന് അവരെ കൂത്താട്ടുകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുകയും ചെയ്തിട്ടുണ്ട്.

പിറവം എംഎല്‍എയുടെ നേതൃത്വത്തില്‍ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്ന് മാര്‍ഗതടസ്സം സൃഷ്ടിച്ചതിനും, യുഡിഎഫ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്ന പരാതിയിലും പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. നഗരസഭ ചെയര്‍പേഴ്സണെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. കലാ രാജുവിന്റെ പരാതി ഗൗരവത്തോടെ പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കലാ രാജുവിനെ മറ്റു തരത്തില്‍ പ്രലോഭനം നല്‍കി മാറ്റിയെടുക്കാന്‍ ശ്രമം നടന്നു. അതിനുള്ള നീക്കവും നടന്നു. കാലുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷമുണ്ടായി. കാലുമാറ്റത്തെ അതേ തരത്തില്‍ അംഗീകരിച്ചുകൊടുക്കാന്‍ കഴിയുമോ?. അങ്ങനെ പോകുന്ന അംഗം രാജിവെച്ചുപോകുകയല്ലേ ചെയ്യേണ്ടത്. കാലുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം കൂത്താട്ടുകുളത്ത് പരാജയപ്പെട്ടിട്ടുണ്ട്. കലാ രാജു രാജിവെക്കേണ്ട പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയോ മറ്റ് ക്രമസമാധാനപ്രശ്നമോ ഒന്നുമില്ല. അതുകൊണ്ടു തന്നെ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീയെ തട്ടിക്കൊണ്ടുപോയ ഗുരുതരമായ കുറ്റത്തെ കൂറുമാറ്റമായി വിലകുറച്ച് കാണുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. കാലുമാറ്റം ഉണ്ടായാല്‍ തട്ടിക്കൊണ്ടുപോകുമോ?. സ്ത്രീയെ തട്ടിക്കൊണ്ടുപോയി വസ്ത്രാക്ഷേപം നടത്തുകയാണ് ചെയ്തത്. മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയാണെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു. ക്രിമിനലുകളെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇത് കൗരവസഭയെപ്പോലെയാണ്. ഭരണപക്ഷം അഭിനവദുശ്ശാസനന്മാരായി മാറുന്നു. കാലുമാറിയവരെ കൂറുമാറ്റ നിയമം വഴി നേരിടണം. അല്ലാതെ ചുമന്നുകൊണ്ടുപോകണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വിഡി സതീശന്റെ പ്രസംഗത്തിനിടെ ഭരണപക്ഷ എംഎല്‍എമാര്‍ ബഹളം വെച്ച് തടസ്സപ്പെടുത്തി. ഇതേത്തുടര്‍ന്ന് വിഡി സതീശന്‍ ക്ഷുഭിതനായി.

 
Other News in this category

 
 




 
Close Window