തിരുവനന്തപുരം കഠിനംകുളം സ്വദേശി 30 കാരിയായ ആതിരയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോട്ടയം ചിങ്ങവനത്ത് നിന്നും പിടികൂടി. കൊല്ലം ദളവാപുരം സ്വദേശിയായ ജോണ്‍സണെ ചിങ്ങവനം എസ്എച്ച്ഒ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കുറിച്ചിയിലെ വീട്ടില്‍ ഹോം നഴ്സ് ആയി ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. രഹസ്യ വിവരത്തെ തുടര്‍ന്ന് ചിങ്ങവനം പൊലീസ് ഇവിടെ എത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് കുറിച്ചി പഞ്ചായത്ത് ഓഫീസിന് സമീപത്തു റോഡിലൂടെ നടന്നു വരികയായിരുന്നു ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പ്രതി വിഷം കഴിച്ചിട്ടുള്ളതായി പോലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് പോലീസ് സംഘം ഇയാളെ കോട്ടയം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാള്‍ കുറ്റസമ്മതം നടത്തിയതായാണ് പോലീസ് നല്‍കുന്ന വിവരം.
കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യ ആണ് ആതിര. അഞ്ചരയോടെ അമ്പലത്തില്‍ പൂജയ്ക്ക് പോയ ഭര്‍ത്താവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ചനിലയില്‍ വീട്ടിനുള്ളില്‍ കണ്ടത്. യുവതിയുടെ സ്‌കൂട്ടറും വീട്ടില്‍ ഇല്ലായിരുന്നു. ക്ഷേത്ര കമ്മിറ്റി താമസിക്കാന്‍ എടുത്തു നല്‍കിയ വീട്ടിലായിരുന്നു സംഭവം. ഭര്‍ത്താവുമായി താമസിച്ചു വരികയായിരുന്നു. യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായിരുന്നു ജോണ്‍സണ്‍. ഫിസിയോ തെറാപ്പിസ്റ്റായ ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തിരുന്നു. |