ലണ്ടന്‍: വിചിത്ര കാരണം പറഞ്ഞ് മോഷണം പോയ ഫോണ്‍ ഉടമയ്ക്ക് തിരികെ നല്‍കാന്‍ വിസമ്മതിച്ച് പൊലീസ്. ഫോണ്‍ ഉടമയ്ക്ക് തിരികെ നല്‍കിയാല്‍ മോഷ്ടാവിന്റെ സ്വകാര്യത ലംഘിക്കപ്പെടുമെന്നായിരുന്നു പൊലീസ് ഭാഷ്യം. മേയ് 18നാണ് മെല്‍വിന്‍ മെയിന്‍വെയറിന്റെ ഫോണ്‍, ബാങ്ക് കാര്‍ഡുകള്‍, ബസ് പാസ് എന്നിവ നഷ്ടപ്പെട്ടത്. പിന്നീട് ഡാനിയല്‍ റെയ്ഡിന്റെ കൈവശത്തില്‍ നിന്ന് ഈ ഫോണ്‍ പൊലീസ് കണ്ടെത്തി. റെയ്ഡ് ഫോണ്‍ ഉപയോഗിക്കുകയും തന്റെതാണെന്ന് അവകാശപ്പെടുകയും ചെയ്തു. എന്നാല്‍, ഫോണ്‍ മെയിന്‍വെയറിന് തിരികെ നല്‍കാന്‍ നോര്‍ത്ത് വെയില്‍സ് പൊലീസ് വിസമ്മതിച്ചു. റെയ്ഡിന്റെ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റഗുലേഷന്‍ അവകാശങ്ങള്‍ ലംഘിക്കപ്പെടുമെന്നായിരുന്നു പൊലീസിന്റെ വാദം.
കേസ് കോടതിയില്‍ എത്തിയതോടെ പൊലീസിനെ ജഡ്ജി വിമര്‍ശിച്ചു. റെയ്ഡിനെ കാര്‍നാര്‍ഫോണ്‍ ക്രൗണ്‍ കോടതി മൂന്ന് വര്‍ഷവും ഒമ്പത് മാസവും തടവിന് ശിക്ഷിച്ചു. 33കാരനായ ഇയാള്‍ നേരത്തെ മൂന്ന് തവണ മോഷണം നടത്തിയെന്നും സമ്മതിച്ചിട്ടുണ്ട്. പെനിങ്ങ്ടന്‍ ടെറസിലെ മെയിന്‍വെയറിന്റെ വീട്ടിലാണ് റെയ്ഡ് മോഷണം നടത്തിയത്. ഫോണ്‍ തിരികെ നല്‍കുന്നതില്‍ മെയിന്‍വെയറിന് ബുദ്ധിമുട്ടുണ്ടോയെന്ന് ജഡ്ജി ചോദിച്ചു. റെയ്ഡ് ഫോണ്‍ എടുക്കുമ്പോള്‍ ഇരയുടെ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റഗുലേഷന്‍ അവകാശങ്ങളെക്കുറിച്ച് ചിന്തിച്ചില്ലെന്നും പൊലീസ് നിലപാട് പരിഹാസ്യമാണെന്നും ജഡ്ജി പറഞ്ഞു. പ്രതി തന്റെ ചെയ്തികള്‍ക്ക് ഖേദം പ്രകടിപ്പിച്ചു. കോടതി പ്രതിയെ റോസ്-ഓണ്‍-സീയിലെ മോഷണത്തിന് മൂന്ന് വര്‍ഷവും നാല് മാസവും, അബെര്‍ഗെലെ മോഷണത്തിന് 16 മാസവും, ഹോട്ടല്‍ മോഷണത്തിന് നാല് മാസവും, ബെയില്‍ ആക്ട് കുറ്റത്തിന് ഒരു മാസവും തടവിന് ശിക്ഷിച്ചു.