യുകെയില്‍ 2023-ല്‍ 10,473 പേരാണ് അമിത മദ്യപാനത്തിന്റെ ഫലമായി മരിച്ചതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വെളിപ്പെടുത്തി. 2022ല്‍ രേഖപ്പെടുത്തിയ 10,048 പേരില്‍ നിന്നുമാണ് ഈ വര്‍ധന. ഒരൊറ്റ വര്‍ഷത്തില്‍ പതിനായിരത്തിലേറെ പേര്‍ മരിച്ചത് ആദ്യമായാണ് ആ ഘട്ടത്തില്‍ രേഖപ്പെടുത്തിയത്.
ഈ കണക്കുകള്‍ ഹൃദയം തകര്‍ക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. 2020ലെ കോവിഡ് ലോക്ക്ഡൗണുകളിലാണ് പ്രശ്നബാധിതമായ അമിത മദ്യപാനത്തിന് വഴിതുറന്നതെന്നാണ് കരുതുന്നത്. അപകടകരമായ മദ്യപാനം തടയാന്‍ മന്ത്രിമാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
ഇതിന്റെ ഭാഗമായി മദ്യത്തിന് മിനിമം യൂണിറ്റ് പ്രൈസിംഗ് പോലുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. വര്‍ഷാവര്‍ഷം മദ്യവുമായി ബന്ധപ്പെട്ട മരണങ്ങള്‍ വര്‍ധിക്കുന്നത് അസ്വീകാര്യമാണെന്ന് ആല്‍ക്കഹോള്‍ ഹെല്‍ത്ത് അലയന്‍സ് ചെയര്‍ പ്രൊഫ. ഇയാന്‍ ഗില്‍മോര്‍ പറഞ്ഞു.
വില കുറഞ്ഞ് എളുപ്പത്തില്‍ ലഭിക്കുന്ന മദ്യത്തിനും, ശക്തമായ മാര്‍ക്കറ്റിംഗിനും എതിരായി കര്‍ശനമായ നടപടി വേണെമന്നാണ് ആവശ്യം. യുകെ ചീഫ് മെഡിക്കല്‍ ഓഫീസര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ആഴ്ചയില്‍ 14 യൂണിറ്റ് എന്ന നിബന്ധന മറികടന്ന് മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നതായി ചാരിറ്റി ആല്‍ക്കഹോള്‍ ചേഞ്ച് യുകെ പറയുന്നു. |