ലണ്ടന്‍: യുകെയിലെ ആളുകള്‍ കമ്മ്യൂണിറ്റി ഗാര്‍ഡനില്‍ ചിതാഭസ്മം വിതറുന്നത് പതിവാക്കുന്നു. കാരണം എന്തുതന്നെയായാലും ഈ രീതി അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് പൂന്തോട്ട പരിപാലകര്‍. ഇംഗ്ലണ്ടിലെ കോണ്‍വാളിലെ നദീതീരത്തുള്ള കമ്മ്യൂണിറ്റി ഗാര്‍ഡനില്‍ ഒരു ആചാരം പോലെ ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിതാഭസ്മം വിതറുന്നത് പതിവാക്കിയിരിക്കുന്നത്. ട്രൂറോ നദിക്കരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന ഒരു സ്ഥലത്തെ കാത്തു സംരക്ഷിക്കുന്നതിന്റെ ഭാഗമായി കമ്മ്യൂണിറ്റി ഗാര്‍ഡന്‍ എന്ന ആശയം നടപ്പിലാക്കിയത്. ഫ്രണ്ട്സ് ഓഫ് സണ്ണി കോര്‍ണര്‍ എന്ന ഗ്രൂപ്പാണ് ഈ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. 2016 മുതല്‍ പ്രദേശത്തെ സംരക്ഷിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഈ സംഘടന നടത്തിവരികയാണ്. എന്നാല്‍, ഇപ്പോള്‍ അപ്രതീക്ഷിതമായ ഒരു പ്രശ്‌നത്തെ അഭിമുഖീകരിക്കുകയാണ് ഇവിടുത്തെ തോട്ടക്കാര്‍. ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിതാഭസ്മം പൂന്തോട്ടത്തിനുള്ളില്‍ വിതറാന്‍ ആരംഭിച്ചതോടെയാണ് ഇവര്‍ വെല്ലുവിളി നേരിട്ടു തുടങ്ങിയത്.
തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഏറ്റവും മനോഹരമായ ഒരു അന്ത്യവിശ്രമ സ്ഥലം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് പ്രദേശവാസികള്‍ ഇവിടുത്തെ പൂന്തോട്ടത്തില്‍ ചിതാഭസ്മം വിതറുന്നത്. എന്നാല്‍, അത് പൂന്തോട്ട പരിപാലനത്തില്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത് എന്നാണ് തോട്ടക്കാര്‍ പറയുന്നത്. അതിനാല്‍ ദയവായി ആളുകള്‍ ഈ ശീലം അവസാനിപ്പിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിക്കുന്നു. അനുവാദമില്ലാതെ ആളുകള്‍ പൂന്തോട്ടത്തിനുള്ളില്‍ ചിതാഭസ്മം വിതറുന്നത് ഇവിടെ പതിവായിരിക്കുകയാണെന്നാണ് ഫ്രണ്ട്സ് ഓഫ് സണ്ണി കോര്‍ണര്‍ ചെയര്‍മാന്‍ പോള്‍ കരുവാന പറയുന്നു. പൂന്തോട്ട പരിപാലനത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഇത് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാരിസ്ഥിതിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍, ഭൂവുടമയുടെ സമ്മതത്തോടെ യുകെയില്‍ ചിതാഭസ്മം നിക്ഷേപിക്കുന്നത് നിയമപരമാണ്. എന്നാല്‍, ഇവിടെ പൂന്തോട്ടം നടത്തിപ്പുകാരുടെ അനുമതിയില്ലാതെയാണ് ആളുകള്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.