ലണ്ടന്‍: യുകെയില്‍ 'നഴ്സ്' എന്ന പദവി ആരോഗ്യ പരിചരണ രംഗത്ത് ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഉപയോഗിക്കുന്നതിന് നിയന്ത്രണം വന്നേക്കും. ഇതിനയുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുവാന്‍ ലേബര്‍ സര്‍ക്കാര്‍ നീക്കം നടത്തുകയാണ്. പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന പുതിയ ബില്ലാണ് ഇതിന് പിന്നിലെ കാരണം. ലേബര്‍ പാര്‍ട്ടി എംപിയും മുന്‍പ് ഷാഡോ മിനിസ്റ്ററുമായിരുന്ന ഡോണ്‍ ബട്ട്‌ലര്‍ അവതരിപ്പിക്കുന്ന ബില്‍ 'നഴ്സ്' എന്ന പദവി സംരക്ഷിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. നിയമം പാസായാല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലില്‍ (എന്‍എംസി) റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ 'നഴ്സ്' എന്ന പദവി ഉപയോഗിക്കാന്‍ കഴിയൂ.
മതിയായ യോഗ്യതകളുള്ള റജിസ്റ്റര്‍ ചെയ്ത നഴ്സുമാര്‍ക്ക് മാത്രം 'നഴ്സ്' എന്ന പദം പരിമിതപ്പെടുത്തുന്നത് രോഗികളുടെ സുരക്ഷയും ആരോഗ്യമേഖലയില്‍ പൊതുജനങ്ങളുടെ വിശ്വാസവും വര്‍ധിപ്പിക്കുമെന്ന വിലയിരുത്തല്‍ ഉയര്‍ന്നു വരുന്നുണ്ട്. യുകെയിലെ നഴ്സിങ് മേഖലയില്‍ ഇത് നടപ്പാക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുമെന്ന് റോയല്‍ കോളജ് ഓഫ് നഴ്‌സിങ് (ആര്‍സിഎന്‍) പറഞ്ഞു. നഴ്‌സിങ് തൊഴിലിനെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് ബില്ലിനെ പിന്തുണയ്ക്കാന്‍ സര്‍ക്കാരിനോടും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ആര്‍സിഎന്‍ അഭ്യര്‍ഥിച്ചു. 'നഴ്സ്' എന്ന പദവിയുടെ സംരക്ഷണം 2022 ലെ ആര്‍സിഎന്‍ കോണ്‍ഗ്രസിലെ ഒരു പ്രധാന പ്രമേയമായിരുന്നുവെന്നും ആര്‍സിഎന്‍ ചൂണ്ടിക്കാട്ടി.