ലണ്ടന്‍: അപ്രതീക്ഷിതമായി ഹീത്രൂ വിമാനത്താവളം അടച്ചതോടെ ആകാശത്തും പെരുവഴിയിലും കുടുങ്ങിയത് പതിനായിരങ്ങള്‍. ജോലി, ചികില്‍സ, മരണാനന്തര കര്‍മങ്ങള്‍, ഹോളിഡേ, ബിസിനസ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി യാത്ര പുറപ്പെട്ടവരും പുറപ്പെടാനൊരുങ്ങിയവരുമായി ലക്ഷങ്ങളാണ് എന്തുചെയ്യുമെന്നറിയാതെ വലഞ്ഞത്. ബ്രിട്ടനിലും യൂറോപ്പിലും മാത്രമല്ല, ലോകമെങ്ങുമുള്ള യാത്രക്കാരെ ഹീത്രൂവിലെ പ്രതിസന്ധി ബാധിച്ചു. നൂറിലേറെ രാജ്യങ്ങളില്‍നിന്നുള്ള ആയിരത്തിലേറെ വിമാനങ്ങളാണ് 24 മണിക്കൂറിനിടെ റദ്ദാക്കപ്പെട്ടത്. ഇരുന്നൂറോളം വിമാനങ്ങള്‍ ബ്രിട്ടന്റെ അന്തരീക്ഷത്തില്‍ മണിക്കൂറുകള്‍ അധികപ്പറക്കല്‍ നടത്തിയാണ് താല്‍കാലിക ലാന്‍ഡിങ്ങിന് പരിസരത്തെ വിമാനത്താവളങ്ങളില്‍ റണ്‍വേ കണ്ടെത്തിയത്. സ്റ്റാന്‍സ്റ്റഡ്, ലുട്ടന്‍, ഗാട്ട്വിക്ക്, ലണ്ടന്‍ സിറ്റി, ഗ്ലാസ്‌ഗോ, മാഞ്ചസ്റ്റര്‍, ബര്‍മിങ്ങാം എന്നീ എയര്‍പോര്‍ട്ടുകള്‍ക്കു പുറമെ പല വിമാനങ്ങളും ബ്രിട്ടനിലെതന്നെ മറ്റു വിമാനത്താവളങ്ങളുടെയും ഫ്രാന്‍സ്, ബല്‍ജിയം ജര്‍മനി തുടങ്ങി പല യൂറോപ്യന്‍ രാജ്യങ്ങളുടെയും സഹായം തേടിയാണ് നിലം തൊട്ടത്. ചില വിമാനങ്ങള്‍ എങ്ങും ഇറങ്ങാതെ പാതിവഴി യാത്ര അവസാനിപ്പിച്ച് തിരിച്ചുപോയി.
മൂന്നു മണിയോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു വിമാനത്താവളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന പടിഞ്ഞാറന്‍ ലണ്ടനിലെ പവര്‍ സ്റ്റേഷനിലുണ്ടായ തീപിടുത്തമാണ് ഇന്നലെ രാവിലെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൊടുന്നനെ സ്തംഭിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിലച്ച വാര്‍ത്ത ആശങ്കയോടെയാണ് ലോകം ശ്രവിച്ചത്. വൈദ്യുതി ഇല്ലാതായതോടെ വിമാനത്താവളം അടച്ചിടുകയല്ലാതെ അധികൃതര്‍ക്ക് മറ്റൊന്നും ചെയ്യാനില്ലായിരുന്നു. അര്‍ധരാത്രിവരെ സര്‍വീസുകള്‍ നിര്‍ത്തിയെന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ വൈദ്യുതി ബന്ധം പു:നസ്ഥാപിച്ചു. ഇതോടെ സര്‍വീസുകളും തുടങ്ങി. എന്നാല്‍ താളം തെറ്റിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍വസ്ഥിതിയിലാകാന്‍ ഇനിയും മണിക്കൂറുകള്‍ വേണ്ടിവരും. വാമാനത്താവളം തുറന്നെങ്കിലും എയര്‍ലൈന്‍ കമ്പനികളില്‍നിന്നും കൃത്യമായ അറിയിപ്പു ലഭിക്കാതെ യാത്രക്കാരാരും വിമാനത്താവളത്തിലേക്ക് വരരുതെന്ന് അറിയിപ്പുണ്ട്.
പ്രഥമ പരിഗണന റീലൊക്കേഷനും റീപാട്രിയേഷനും വന്ന വിമാനങ്ങള്‍ തിരിച്ചയക്കന്നതിനും പലയിടത്തായി ഇറങ്ങിയ വിമാനങ്ങളുടെ റീലൊക്കേഷനുമാണ് ആദ്യം പ്രാധാന്യം നല്‍കുന്നത്. ഇതിനു ശേഷമാകും ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ ആരംഭിക്കുക. തീപിടിത്തത്തിനു പിന്നില്‍ അട്ടിമറിയോ ഭീകരരുടെ പങ്കോ ഉണ്ടോയെന്ന് കൗണ്ടര്‍ ടെററിസം പൊലീസിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം പുരോഗമിതക്കുന്നുണ്ട്. നിലവില്‍ ഇത്തരത്തിലുള്ള, സൂചനകള്‍ ഒന്നുമില്ലെന്നാണ് മെട്രോപോളിറ്റന്‍ പൊലീസ് വ്യക്തമാക്കുന്നത്. വൈകിട്ടോടെ ഭാഗികമായി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും പൂര്‍വസ്ഥിതിയിലെത്താന്‍ എപ്പോള്‍ സാധിക്കുമെന്ന കാര്യം ഉറപ്പിലാതെ തുടരുകയാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം വ്യോമയാന മന്ത്രാലയമോ വിമാനത്താവള അധികൃതരോ നല്‍കുന്നില്ല.
16,000 വീടുകളും ആയിരക്കണക്കിന് സ്ഥാപനങ്ങളും ഇരുട്ടില്‍ പവര്‍സ്റ്റേഷനിലെ തീപിടിത്തം നിയന്ത്രണവിധേയമായെങ്കിലും വൈകുന്നേരവും തീ പൂര്‍ണമായും അണയ്ക്കാനായിട്ടില്ല. ശക്തമായ പുക ഇപ്പോഴും പവര്‍സ്റ്റേഷനില്‍ നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തിനു പുറമെ ഈ പ്രദേശത്തെ 16,000 വീടുകളിലും ആയിരക്കണക്കിന് സ്ഥാപനങ്ങളിലും വൈദ്യുതി നിലച്ചിരിക്കുകയാണ്. നാഷനല്‍ ഗ്രിഡിന്റെ സഹായത്തോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചാണ് വിമാനത്താവളം വീണ്ടും തുറന്നത്. ബ്രിട്ടിഷ് എയര്‍വേസ് ഹീത്രൂവില്‍ നിന്നുള്ള എല്ലാ വിമാനസര്‍വീസുകളും നാളെ വരെ നിര്‍ത്തിവച്ചതായി അറിയിച്ചു. മുംബൈയില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം (എ.ഐ.129)പാതിവഴി തിരിച്ചു പോന്നു. ഡല്‍ഹിയില്‍നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം (എ.ഐ-161) ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. വൈദ്യുതി സബ്‌സ്റ്റേഷനിലെ തീ അണയ്ക്കാനും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാനുമാണ് മുന്‍ഗണന എങ്കിലും സംഭവത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടാകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രിയുടെ വക്താവ് വ്യക്തമാക്കി. നാഷനല്‍ ഗ്രിഡ്. സിവില്‍ ഏവിയേഷന്‍ അഥോറിറ്റി, നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസ്, എമര്‍ജന്‍സി സര്‍വീസുകള്‍ എന്നിവയുടെയെല്ലാം സഹകരണത്തോടെ അതിവേഗം പ്രതിസന്ധി പരിഹരിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ന്മ കാര്‍ഗോ സര്‍വീസില്‍ ഉണ്ടായത് ശതകോടികളുടെ നഷ്ടം യാത്രക്കാര്‍ക്ക് ഉണ്ടായതുപോലെ തന്നെ പ്രതിസന്ധിയാണ് കാര്‍ഗോ സര്‍വീസിലും ഉണ്ടായത് ലോകത്തിലെ തന്നെ ഏറ്റവും വലിയ എയര്‍ കാര്‍ഗോ ഹബ്ബാണ് ഹീത്രു. കഴിഞ്ഞവര്‍ഷം 234 സ്ഥലങ്ങളിലേക്കായി 190 ബില്യന്‍ പൌണ്ടിന്റെ ഗുഡ്‌സാണ് ഹീത്രൂ വഴി കയറ്റിയിറക്കിയത്. ബ്രിട്ടനിലേക്കുള്ള കാര്‍ഗോ സര്‍വീസിന്റെ 48 ശതമാനവും നടക്കുന്നത് ഹീത്രൂ വഴിയാണ്. മരുന്നുകള്‍, ഫ്രഷ് ഫ്രൂട്ട്, പച്ചക്കറികള്‍, ബുക്കുകള്‍, ടെക്‌നിക്കല്‍ ഐറ്റങ്ങള്‍, പൂക്കള്‍, തുടങ്ങി മൃഗങ്ങള്‍ വരെ ഈ കാര്‍ഗോ സര്‍വീസിലുണ്ട്. ഇവയെല്ലാം ഇന്നലെ ഒറ്റയടിക്ക് സ്തംഭിച്ചു. വിലമതിക്കാനാവാത്ത നഷ്ടമാണ് ഇതിലൂടെ ആയിരക്കണക്കിന് ആളുകള്‍ക്ക് ഉണ്ടാകുക. ദിവസം 1351 വിമാനങ്ങള്‍ ടേക്ക് ഓഫും ലാന്‍ഡിംങ്ങും നടത്തുന്ന വിമാനത്താവളമാണ് ലണ്ടന്‍ ഹീത്രൂ. 83.9 മില്യന്‍ യാത്രക്കാരാണ് കഴിഞ്ഞവര്‍ഷം ഹീത്രൂവിലൂടെ യാത്ര ചെയ്തത്.