Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=113.6751 INR  1 EURO=97.3805 INR
ukmalayalampathram.com
Sat 26th Apr 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ജേക്കബ് തോമസ്?
reporter

തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കു വിരാമമിട്ട് കേരള ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികളിലേക്ക് കടന്ന് കേന്ദ്ര നേതൃത്വം. പുതിയ സംസ്ഥാന അധ്യക്ഷന്‍ ആരെന്നു അടുത്ത ആഴ്ച വ്യക്തമാകും. തിങ്കളാഴ്ച പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വം സര്‍ക്കുലര്‍ ഇറക്കി. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍?ദ്ദേശം തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ലാദ് ജോഷി സ്വീകരിക്കും.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ നയിക്കാന്‍ ദേശീയ നേതൃത്വം ഒരു പുതുമുഖത്തെ തെരഞ്ഞെടുത്തേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മുന്‍ പൊലീസ് മേധാവി ജേക്കബ് തോമസിന്റെ പേര് ഈ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള ഒരാളെ അധ്യക്ഷനാക്കാന്‍ കേന്ദ്ര ആലോചിക്കുകയാണെങ്കില്‍ അദ്ദേഹമായിരിക്കും മുന്നില്‍. അതേസമയം ദേശീയ നേതൃത്വം പരിചയ സമ്പത്തിനാണ് മുന്‍?ഗണന നല്‍കുന്നതെങ്കില്‍ ചിത്രം മാറുമെന്നും മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു വ്യക്തമാക്കി.

കേഡര്‍ പാര്‍ട്ടിയായ ബിജെപിയില്‍ മത്സരാര്‍ഥികള്‍ ഉണ്ടാകില്ല. അടുത്ത അധ്യക്ഷനാകാന്‍ സാധ്യതയുള്ള നേതാവിനോടു നാമനിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെടും. ജില്ലാ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, സംസ്ഥാന കൗണ്‍സില്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവരുള്‍പ്പെടെ രണ്ടായിരത്തോളം നേതാക്കളുടെ യോഗത്തില്‍ തിങ്കളാഴ്ച പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും. 11.30 ന് ഉദയ പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗം.

പുതിയ അധ്യക്ഷന്‍ ആരെന്ന ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ മുന്‍ അധ്യക്ഷന്‍ വി മുരളീധരന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു അസൗകര്യം അറിയിച്ചെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. കേന്ദ്ര നേതൃത്വം മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ സമീപിച്ചെങ്കിലും അദ്ദേഹവും അസൗകര്യം അറിയിച്ചു. നിലവിലെ പ്രസിഡന്റ് കെ സുരേന്ദ്രനാണ് മുന്‍നിരയില്‍ നില്‍ക്കുന്ന മറ്റൊരാള്‍. അടുത്ത പ്രസിഡന്റായി ഒരു സ്ത്രീയെ തെരഞ്ഞെടുക്കാന്‍ നേതൃത്വം തീരുമാനിച്ചാല്‍ ശോഭ സുരേന്ദ്രന് മുന്‍തൂക്കം ഉണ്ടെങ്കിലും ഭൂരിഭാഗം നേതാക്കളും അതിനു സാധ്യതയില്ലെന്ന ചിന്തയാണ് പങ്കിട്ടത്. എംടി രമേശിന് അധ്യക്ഷ സ്ഥാനത്തേക്ക് അവസരം നല്‍കാമെന്ന് കരുതുന്ന നേതാക്കളും പാര്‍ട്ടിയിലുണ്ട്.

കെ സുരേന്ദ്രന്‍ അഞ്ച് വര്‍ഷമായി അധ്യക്ഷ സ്ഥാനത്തുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ദേശീയ നേതൃത്വം തെരഞ്ഞെടുപ്പ് പ്രക്രിയ മാറ്റിവച്ചതിനാല്‍ അദ്ദേഹത്തിന്റെ കാലാവധി രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടിക്കിട്ടുകയായിരുന്നു. ഒരാള്‍ക്ക് തുടര്‍ച്ചയായി രണ്ട് തവണ പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ കഴിയുമെന്നതിനാല്‍ അദ്ദേഹത്തിന് മറ്റൊരു കാലാവധി കൂടി ലഭിച്ചേക്കാം. എങ്കിലും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ സംസ്ഥാന പ്രസിഡന്റുമാരെയും ദേശീയ നേതൃത്വം മാറ്റിയിട്ടുണ്ടെന്നു മറ്റൊരു ബിജെപി നേതാവ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി പാര്‍ലമെന്റ് സീറ്റ് ബിജെപി നേടിയതും വോട്ട് വിഹിതം 19 ശതമാനത്തിലധികം വര്‍ധിപ്പിച്ചതും സുരേന്ദ്രന്റെ നേതൃത്വത്തിലാണ്.

 
Other News in this category

 
 




 
Close Window