ലണ്ടന്‍: യുകെയിലുള്ള മകനെ സന്ദര്‍ശിച്ച് തിരികെ നാട്ടിലേക്കുള്ള യാത്രക്കിടെ അബുദാബി വിമാനത്താവളത്തിനുള്ളില്‍ 'ചുറ്റിതിരിയേണ്ടി' വന്നതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് പെരിന്തല്‍മണ്ണക്കാരി സൈനബ.ടി.പി. മാഞ്ചസ്റ്ററില്‍ നിന്ന് അബുദാബി വഴി കോഴിക്കോട്ടേയ്ക്കുള്ള യാത്രയാണ് എന്നെ ചുറ്റിച്ചത്. മകന്റെ അടുത്ത് നിന്ന് തിരിച്ചു വരികയായിരുന്നു. കണക്ഷന്‍ വിമാനമാണ്. 2 വിമാനം മാറി കയറണം. സാധാരണ കണക്ഷന്‍ വിമാനത്തില്‍ കയറുമ്പോള്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ നിന്ന് അടുത്ത വിമാനത്തിന്റെ ബോര്‍ഡിങ് പാസ്സ് തരാറുണ്ട്. ഇപ്രാവശ്യം മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അത് നല്‍കിയില്ല. ഇത്തിഹാദ് എയര്‍ലെന്‍സ് ആയിരുന്നു.
അബുദാബി ഇറങ്ങി. ബോര്‍ഡിങ് പാസ്സ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും വെവ്വേറെ വഴിയാണ്. അത് ശ്രദ്ധിക്കാതെ പാസ്സ് ഉള്ള വഴിയിലൂടെ പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ മനസിലായി തെറ്റിയെന്ന്. പിന്നെ തിരിച്ചു പോകാന്‍ കഴിയില്ലല്ലോ. ഇനി ബോര്‍ഡിങ് പാസ്സ് എടുക്കണം.അബുദാബിയില്‍ കുറേ സമയം ഉണ്ട്. ലോഞ്ചില്‍ നിന്ന് ഫുഡ് കഴിക്കണമെന്ന് മോന്‍ പറഞ്ഞിരുന്നു. അതിനുള്ള കാര്‍ഡും തന്നിരുന്നു. പാസ്സ് എടുത്തിട്ടാവാം എന്ന് വിചാരിച്ചു. ഇടത്തേക്ക് പോയി. അവിടെ ഉള്ള ആള്‍ ചോദിച്ചു ഏതാ എയര്‍ലന്‍സ് എന്ന്. ഇത്തിഹാദ് എന്ന് ഞാന്‍ പറഞ്ഞു. എങ്കില്‍ ഇവിടെ നിന്ന് ഇറങ്ങി വലത്ത് കാണുന്ന കൗണ്ടറില്‍ പോകാന്‍ പറഞ്ഞു. അവിടെ എത്തി. ഇത്തിഹാദ് കൗണ്ടറില്‍ പോയി. അവിടെ ചെന്നപ്പോള്‍ പറഞ്ഞു. ഇവിടെ അല്ല പുറത്ത് ഇറങ്ങി..ലെഫ്റ്റില്‍ കാണുന്നതില്‍ പോകാന്‍. അങ്ങനെ കയ്യിലെ പെട്ടി, ബാഗ്, മൊബൈല്‍ എല്ലാം ചെക്ക് ചെയ്തു പുറത്തു ഇറങ്ങി.
അടുത്തതില്‍ കയറി. അവിടെ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു. ഇവിടെ അല്ല. ലെഫ്റ്റില്‍ കാണുന്നതിലാണെന്ന്. കയ്യിലുളളതെല്ലാം വീണ്ടും ചെക്ക് ചെയ്ത് പുറത്തിറങ്ങി..അപ്പോഴേക്കും 2 മണിക്കൂര്‍ കഴിഞ്ഞു. എനിക്ക് വിശക്കാന്‍ തുടങ്ങി... കൂടെ ഷുഗര്‍ ഡൗണ്‍ ആകാനും തുടങ്ങി. ബാഗിലുണ്ടായിരുന്ന ചോക്ലേറ്റ് വേഗം കഴിച്ചു. ഇടത്തേക്കും വലത്തേക്കും കുറേ നടന്നു. കയറിയിറങ്ങാന്‍ എസ്‌കലേറ്റര്‍ ഉള്ളത് കൊണ്ട് സമാധാനം. ചോദിക്കുന്നവരോടെല്ലാം ഞാന്‍ ഇത്തിഹാദ് എന്നാണ് പറയുന്നത്. മൂന്നാമത്തെ പ്രാവശ്യം ആദ്യം കണ്ട ആളെ കണ്ടു. മലയാളി ആയിരുന്നു. അയാള്‍ ടിക്കറ്റ് ഒന്നുകൂടി നോക്കി. സൗദി എയര്‍ലന്‍സ് ആണെന്ന് പറഞ്ഞു. ടിക്കറ്റ് ശരിക്ക് നോക്കണ്ടേ എന്നൊരു കളിയാക്കലും. മോന്‍ പലവട്ടം പറഞ്ഞിരുന്നു സൗദി എയര്‍ലന്‍സ് ആണ് അബുദാബിയില്‍ നിന്ന് എന്ന്. ഞാന്‍ അത് ശ്രദ്ധിച്ചിരുന്നില്ല. അങ്ങനെ സൗദി എയര്‍ലന്‍സിന്റെ കൗണ്ടറില്‍ എത്തിയപ്പോള്‍ എന്റെ ബോര്‍ഡിങ് പാസ്സ് അവിടെ ഇരുന്ന് എന്നെ നോക്കി ചിരിക്കുന്നു. മൂന്നാമത്തെ പ്രാവശ്യവും പെട്ടി, ബാഗ് എല്ലാം ചെക്ക് ചെയ്ത് പുറത്തിറങ്ങി. ലോഞ്ച് അടുത്ത് തന്നെ. അവിടെ ചെന്നപ്പോള്‍ ഒരുപാട് പേര്‍ ക്യുവില്‍ നില്‍ക്കുന്നു. അപ്പോഴേക്കും ഞാന്‍ വിറച്ചു തുടങ്ങി. ഷുഗര്‍ താഴ്ന്നു. ഹാര്‍ട്ട് ബീറ്റ് കൂടി. കയ്യിലുള്ള ചോക്ലേറ്റ് വീണ്ടും കഴിച്ചു. വെള്ളവും കുടിച്ചു.