ലണ്ടന്‍: ബ്രിട്ടനിലെ സൈബര്‍ രംഗത്തുള്ള സ്ഥാപനമായ ഡിഡ്ജ്‌ഹെഡ്‌സ് ഒരു പ്രത്യേക പഠനം നടത്തിയിരിക്കുന്നു. 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ബ്രിട്ടിഷുകാര്‍ പേടി സംബന്ധിച്ച് നടത്തിയ തിരച്ചിലുകള്‍ അടിസ്ഥാനമാക്കിയാണു പഠനം. ബ്രിട്ടിഷുകാരെ ഏറ്റവും പേടിപ്പിക്കുന്നത് എന്താണെന്നു കണ്ടെത്താനായിരുന്നു ഈ തിരച്ചില്‍. ഒടുവില്‍ കണ്ടെത്തുകയും ചെയ്തു. ട്രിപോഫോബിയ എന്ന പേടിയാണത്രേ ഈ തിരച്ചിലുകളില്‍ ഏറ്റവും മുകളില്‍ വന്നത്. ചെറിയ ദ്വാരങ്ങളുടെ കൂട്ടത്തോടുള്ള പേടിയാണ് ഇത്. ഈ പേടിയുള്ളവര്‍ക്ക് ദ്വാരാധിഷ്ഠിത ഘടനകളുള്ള തേനീച്ചകൂടുകള്‍, താമരയുടെ വിത്തുകള്‍ എന്നിവയൊക്കെ കാണുമ്പോള്‍ അലോസരമുണ്ടാകും. ബ്രിട്ടിഷുകാര്‍ക്കു മാത്രമുള്ളതല്ല ഈ പേടി. ലോകമെമ്പാടും പലര്‍ക്കും ഇതിനോട് പേടിയുണ്ട്. യുഎസിലെ സൂപ്പര്‍ സെലിബ്രിറ്റിയായ കെന്‍ഡാല്‍ ജെന്നര്‍, സാറ പോള്‍സന്‍ തുടങ്ങിയവര്‍ക്കൊക്കെ ഈ ഫോബിയയുണ്ട്. ഏതെങ്കിലും സ്ഥലത്തു രക്ഷപെടാനാകാത്തവിധം പെട്ടുപോകുന്നതിനെക്കുറിച്ചുള്ള പേടിയായ അഗാരോഫോബിയ, ഛര്‍ദ്ദിക്കാനുള്ള ത്വരയെ പേടിക്കുന്ന എമെറ്റോഫോബിയ, സമുദ്രങ്ങളെയും ജലാശയങ്ങളെയും പേടിക്കുന്ന തലാസോഫോബിയ, ചെറിയ ഇടങ്ങളോടുള്ള പേടിയായ ക്ലോസ്‌ട്രോഫോബിയ, ചിലന്തികളോടുള്ള പേടിയായ അരാക്‌നോഫോബിയ, ഉയരത്തോടുള്ള പേടിയായ അക്രോഫോബിയ തുടങ്ങിയ പേടികളെല്ലാം മുന്‍പന്തിയിലുണ്ട്.
ലോകത്തില്‍ പല തരം പേടികളുള്ള മനുഷ്യരുണ്ട്. പ്രേത, ഭൂതങ്ങള്‍ തുടങ്ങി സാങ്കല്‍പിക കാര്യങ്ങള്‍ മുതല്‍ മിന്നല്‍, മഴ എന്നുവേണ്ട പ്രകൃതിപരമായ കാര്യങ്ങളെപ്പോലും പേടിക്കുന്നവരുണ്ട്. ഫോബിയകള്‍ ഏറിയും കുറഞ്ഞുമുള്ള രൂപത്തില്‍ മിക്ക ആളുകളിലും ഉണ്ടാകാനുമിടയുണ്ട്. എന്തു കൊണ്ടാണ് ഫോബിയകളുണ്ടാകുന്നത്. പലകാരണങ്ങളും പറയപ്പെടുന്നുണ്ട്. ഭൂതകാലത്തെ അനുഭവങ്ങള്‍, ജനിതക പ്രത്യേകതകള്‍, ബ്രെയിന്‍ കെമിസ്ട്രി തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തില്‍ വരും. ചെറിയ രീതിയിലുള്ള പേടികള്‍ ഉണ്ടെന്നു കരുതി 'പേടിക്കേണ്ട'. ഇത് പലരിലും സാധാരണയായി കാണപ്പെടുന്നതാണ്. വിമാനത്തില്‍ സഞ്ചരിക്കാനുള്ള പേടിയെയാണ് എയ്‌റോഫോബിയ അല്ലെങ്കില്‍ എവിയോഫോബിയ എന്നു വിളിക്കുന്നത്. വിമാനത്തില്‍ സഞ്ചരിക്കാന്‍ പേടിയായിരുന്ന പല ലോകനേതാക്കളുമുണ്ടായിട്ടുണ്ട്. ഇവരില്‍ വളരെ പ്രശസ്തനായിരുന്നു കിംജോങ് ഇല്‍, കിം ജോങ് ഉന്നിന്റെ പിതാവ്. കിം ജോങ്ന്നിനു മുന്‍പ് 17 വര്‍ഷം ഉത്തരകൊറിയയില്‍ ഏകാധിപത്യ ഭരണം നടത്തിയത് ഇല്ലാണ്.
വിദേശയാത്രകള്‍ ഇല്‍ വളരെക്കുറച്ചുമാത്രമാണ് നടത്തിയിട്ടുള്ളത്. ചൈനയിലേക്കായിരുന്നു ഇവയില്‍ അധികവും. ആ വേളകളില്‍ വിമാനങ്ങള്‍ക്കു പകരം ബുള്ളറ്റ്പ്രൂഫ് കവചിത ട്രെയിനായിരുന്നു ഇല്‍ ഉപയോഗിച്ചത്. ട്രെയിനില്‍ ഒട്ടേറെ സുരക്ഷാജീവനക്കാരും അല്ലാത്ത ജീവനക്കാരുമൊക്കെയായി ഒരു വലിയ സംഘമായിട്ടായിരുന്നു ഇല്ലിന്റെ യാത്രകള്‍. വധഭീഷണിയുള്ള തന്നെ ശത്രുക്കള്‍ വിമാനമാക്രമിച്ച് കൊലപ്പെടുത്തുമെന്ന ഭീതിയും ചെറുപ്പം തൊട്ടേ വിമാനയാത്രയോടുള്ള ഭയവുമാണ് എയ്‌റോപ്ലേനുകള്‍ ഒഴിവാക്കാന്‍ ഇല്ലിനെ പ്രേരിപ്പിച്ചത്. ഉത്തര കൊറിയയില്‍ പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ കാറുകളും ചില അവസരങ്ങളില്‍ ബോട്ടുകളും കപ്പലുകളുമാണ് ഇല്‍ ഉപയോഗിച്ചത്.
എന്നാല്‍ ഇല്ലിന്റെ പിതാവും ഉത്തരകൊറിയയുടെ ഒരേയൊരു പ്രസിഡന്റുമായിരുന്ന കിം ടു സങ് വിമാനയാത്രകള്‍ യഥേഷ്ടം നടത്തിയിരുന്നു. തേരട്ടകളെ നമ്മള്‍ കണ്ടിട്ടുണ്ട്. ഇവയെ കാണുമ്പോള്‍ ചിലര്‍ക്കു പേടിയാകാറുണ്ട്, ആകാരത്തില്‍ ഇവ കുഞ്ഞന്‍മാരാണെങ്കിലും. സരാന്റോഫോബിയ, മിറിയാപോഡോഫോബിയ എന്നീ പേരുകളിലാണ് തേരട്ടകളോടുള്ള ഈ ഭയം അറിയപ്പെടുന്നത്. ലോകത്തു പല ആളുകളിലും ഈ ഫോബിയയുണ്ട്. മിന്നലിനോടുള്ള പേടി ലോകമെമ്പാടും ഒരുപാടുപേരില്‍ കാണപ്പെടുന്നുണ്ട്. ആസ്ട്രഫോബിയ എന്ന് മിന്നലിനോടുള്ള ഭയം അറിയപ്പെടുന്നു. ചില വളര്‍ത്തുമൃഗങ്ങളിലും ഈ അവസ്ഥ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകം ഉടനെ അവസാനിക്കുമെന്ന പേടിയും വ്യാപകമായുള്ളതാണ്. 'ഡൂംസ്‌ഡേ ഫോബിയ' എന്നാണ് ഈ പേടി അറിയപ്പെടുന്നത്. ഹോളിവുഡില്‍ ഇതു പ്രമേയമാക്കി ധാരാളം ചിത്രങ്ങളുമിറങ്ങിയിട്ടുണ്ട്. തോക്കും ബോംബും മേലാസകലം തൂക്കിയിട്ട് യുദ്ധസന്നദ്ധരായി അലറിയടുക്കുന്ന റോബട്ടുകള്‍. അത്യുഗ്രന്‍ സ്‌ഫോടനങ്ങളിലൂടെ പുകയും ചൂടും വമിപ്പിച്ച് അന്തരീക്ഷം പ്രക്ഷുബ്ധമാക്കിയശേഷം മനുഷ്യവാസ കേന്ദ്രങ്ങളിലേക്കു ലാവ പ്രവഹിപ്പിക്കുന്ന അഗ്‌നിപര്‍വതങ്ങള്‍. നമുക്ക് മനസ്സിലാക്കാന്‍ പോലും കഴിയാത്ത വസ്തുക്കളില്‍ നിര്‍മിച്ച പേടകങ്ങളും ആയുധങ്ങളുമായി ഭൂമി പിടിച്ചടക്കാന്‍ എത്തുന്ന ഭീകരരൂപികളായ അന്യഗ്രഹജീവികള്‍. നിമിഷം കൊണ്ട് മൃതരായശേഷം മറ്റുള്ളവരെ വേട്ടയാടുന്ന സോംബിക്കൂട്ടങ്ങള്‍. അങ്ങനെ പലതരം പ്രമേയങ്ങള്‍ ഹോളിവുഡ് അവതരിപ്പിച്ചിട്ടുണ്ട്.
ഡൂംസ്‌ഡേ ഫോബിയ' പല പ്രമുഖരിലുമുണ്ടായിരുന്നു. ഭൗതികശാസ്ത്രത്തിന്റെ ആകാശത്തു ജ്വലിച്ചുനിന്നശേഷം അനശ്വരതയിലേക്ക് അലിഞ്ഞുചേര്‍ന്ന സ്റ്റീഫന്‍ ഹോക്കിങ് മികച്ച ഉദാഹരണം. ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇത്തരം ആശങ്കകള്‍. അവ ജനങ്ങളോടു പങ്കുവയ്ക്കാന്‍ അദ്ദേഹം ആവുന്നത്ര ശ്രമിക്കുകയും ചെയ്തു. മനുഷ്യരാശിക്ക് അപകടമാകുന്ന പലതരം കാര്യങ്ങളെക്കുറിച്ച് പറയുമായിരുന്നെങ്കിലും ലോകാവസാനത്തിനു കാരണമായി അദ്ദേഹം ഉയര്‍ത്തിക്കാട്ടിയ ഭീഷണി മൂന്നെണ്ണമാണ്. കാലാവസ്ഥാ വ്യതിയാനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പിന്നെ അന്യഗ്രഹജീവി ആക്രമണം.