Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=113.2631 INR  1 EURO=97.0968 INR
ukmalayalampathram.com
Sat 19th Apr 2025
 
 
UK Special
  Add your Comment comment
ബ്രിട്ടന്റെ ആകാശത്ത് പറക്കാന്‍ പാക് വിമാനങ്ങള്‍ ഇനിയും കാത്തിരിക്കണം
reporter

കറാച്ചി (പാകിസ്ഥാന്‍) : യുകെയുടെ ആകാശത്ത് പറക്കാനാകാതെ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനങ്ങള്‍. നലുവര്‍ഷത്തെ വിലക്ക് ഉടന്‍ നീങ്ങുമെന്ന വാര്‍ത്തകള്‍ തള്ളി രംഗത്ത് വന്നിരിക്കുകയാണ് യുകെ ഗതാഗത വകുപ്പ്. പിഐഎ വിമാനങ്ങളുടെ വിലക്ക് തുടരുമെന്നാണ് നിലവില്‍ യുകെ അധികൃതര്‍ നല്‍കുന്ന വിവരം. നിയന്ത്രണങ്ങളും വിലക്കും നീക്കുന്നതിന് മുന്‍പ് വിമാനക്കമ്പനികള്‍ കര്‍ശനമായ അവലോകന പ്രക്രിയയ്ക്ക് വിധേയമാകണമെന്ന് യുകെ ഗതാഗത വകുപ്പ് വക്താവ് വ്യക്തമാക്കി. യുകെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിവരികയാണ്. എന്നാല്‍ വിലക്ക് നീക്കുന്നതുമായോ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുനപരിശോധിക്കുന്നതുമായോ ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ അംഗീകരിക്കുന്ന എല്ലാ വിമാനക്കമ്പനികളെയും ബ്രിട്ടീഷ് വ്യോമാതിര്‍ത്തിയിലേക്കോ, ബ്രിട്ടീഷ് വ്യോമാതിര്‍ത്തിക്കുള്ളിലോ വാണിജ്യ വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് യുകെ എയര്‍ സേഫ്റ്റി ലിസ്റ്റ് വിലക്കിയ നടപടി തുടരുകയാണ്. അതേസമയം, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി സ്വീകരിച്ച ഈ നടപടി പിന്‍വലിക്കുന്നതിനെ കുറിച്ച് ബ്രിട്ടീഷ് എയര്‍ സേഫ്റ്റി കമ്മിറ്റി ചര്‍ച്ച ചെയ്തതായും ഇത് പാകിസ്ഥാന് പ്രതീക്ഷ നല്‍കിയതായും അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. നിരവധി പാകിസ്ഥാന്‍ പൈലറ്റുമാര്‍ വ്യാജ ലൈസന്‍സുകള്‍ ഉപയോഗിച്ച് വിമാനം പറത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് യുകെ, യൂറോപ്യന്‍ റെഗുലേറ്റര്‍മാര്‍ 2020 ജൂലൈയില്‍ ആദ്യമായി വിലക്ക് ഏര്‍പ്പെടുത്തിയത്. കറാച്ചിയില്‍ 100 ഓളം പേരുടെ മരണത്തിനിടയാക്കിയ പിഐഎ എയര്‍ബസ് എ-320 അപകടത്തെത്തുടര്‍ന്ന് അന്നത്തെ വ്യോമയാന മന്ത്രി ഗുലാം സര്‍വര്‍ ഖാന്‍ ഈ വിഷയം അംഗീകരിക്കുകയും ചെയ്തു. യൂറോപ്യന്‍ യൂണിയനും യുണൈറ്റഡ് സ്റ്റേറ്റ്‌സും ഉള്‍പ്പെടെ ഒന്നിലധികം ഇടങ്ങളില്‍ ഇതോടെ പാക് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.

ഇത് പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന് പ്രതിവര്‍ഷം 4000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. യുകെ വിലക്ക് തുടരുന്നുണ്ടെങ്കിലും 2025ല്‍ ഇസ്ലാമാബാദില്‍ നിന്ന് പാരിസിലേക്കുള്ള ഒരു റൂട്ടില്‍ ആരംഭിച്ച് യൂറോപ്പിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ പിഐഎയ്ക്ക് സാധിച്ചിരുന്നു. എയര്‍ലൈന്റെ വിലക്ക് നീങ്ങുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് അധികൃതരില്‍ നിന്ന് ഉറപ്പ് ലഭിച്ചാല്‍ ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മിങ്ഹാം എന്നീ സര്‍വീസുകള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് പിഐഎ വക്താവ് അബ്ദുള്ള ഹഫീസ് ഖാന്‍ പറഞ്ഞു. അതേസമയം, പിഐഎയെ സ്വകാര്യവത്കരിക്കാനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാനേജ്മെന്റ് നിയന്ത്രണം ഉള്‍പ്പെടെ എയര്‍ലൈന്‍ ഓഹരി മൂലധനത്തിന്റെ 51 ശതമാനം മുതല്‍ 100 ശതമാനം വരെ വില്‍ക്കുന്നതിനുള്ള തീരുമാനത്തിന് പിഐഎ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കിയതായാണ് വിവരം. ഉപപ്രധാനമന്ത്രി സെനറ്റര്‍ ഇഷാഖ് ദാറിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം.

 
Other News in this category

 
 




 
Close Window