ദില്ലി: ബ്രിട്ടനില്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് പ്രവാസി ഇന്ത്യയിലേക്ക് തിരിച്ചെത്തി ചികിത്സ തേടി യുവാവ്. ആര്യന്‍ മംഗള്‍ എന്ന യുവാവാണ് ചികിത്സക്കായി ഇന്ത്യയിലേക്ക് തിരിച്ചത്. ബ്രിട്ടനിലെ പൊതുജനാരോ?ഗ്യ സംവിധാനമായ എന്‍എച്ച്എസിന്റെ സേവനം വളരെ മോശമായിരുന്നുവെന്നും അദ്ദേഹം ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കിട്ട വീഡിയോയില്‍ ആരോപിച്ചു. ഗ്ലാസ് പൊട്ടിയാണ് ആര്യന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റത്. ഷെഡ്യൂള്‍ ചെയ്ത ശസ്ത്രക്രിയ 4-5 ദിവസത്തേക്ക് മാറ്റിവെച്ചതോടെയാണ് ഇന്ത്യയില്‍ എത്തി ചികിത്സ തേടിയതെന്നും ഇദ്ദേഹം പറഞ്ഞു. എന്‍എച്ച്എസില്‍ നിന്ന് കാലതാമസമുണ്ടായതായും മതിയായ പരിചരണം ലഭിച്ചില്ലെന്നും ഇയാള്‍ പറഞ്ഞു. ചികിത്സ വൈകിയതോടെയാണ് ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിന് പിന്നാലെ അദ്ദേഹം ഉടന്‍ തന്നെ ഫാര്‍മസിയില്‍ സഹായം തേടി. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രി പരിചരണം ആവശ്യമുള്ള അപകടമായി റിപ്പോര്‍ട്ട് ചെയ്തു. ബോധക്ഷയം തടയാന്‍ എനര്‍ജി ഗുളികകള്‍ നല്‍കി. തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലേക്ക് പോയി. ആശുപത്രിയില്‍ മൂന്ന് മണിക്കൂര്‍ കാത്തിരുന്നതിനു ശേഷം ഒരു ഡോക്ടര്‍ അദ്ദേഹത്തെ കണ്ടു. അടുത്ത ദിവസം പ്ലാസ്റ്റിക് സര്‍ജനെ കാണാന്‍ നിര്‍ദേശിച്ചു. ശസ്ത്രക്രിയാ വിദഗ്ധന്‍ കൈയില്‍ അനസ്‌തേഷ്യ കുത്തിവയ്ക്കുകയും മൂന്ന് ദിവസത്തിന് ശേഷം ശസ്ത്രക്രിയയ്ക്കായി വരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍, മുറിവില്‍ നിന്ന് വീണ്ടും രക്തസ്രാവം തുടങ്ങി. ഡോക്ടര്‍ ബാന്‍ഡേജ് മുറുക്കുകയും അധിക ഡ്രെസ്സിംഗുകള്‍ നല്‍കുകയും ചെയ്തു. മുറിവ് കാരണം മംഗളിന് ഉടന്‍ തന്നെ പനി പിടിച്ചു.
അന്ന് വൈകുന്നേരം ഷെഡ്യൂള്‍ ചെയ്ത ശസ്ത്രക്രിയ 4-5 ദിവസത്തേക്ക് മാറ്റിവച്ചതായി അറിയിപ്പ് ലഭിച്ചു. തുടര്‍ന്നാണ് ഇയാള്‍ ഇന്ത്യയിലേക്ക് വിമാനം ബുക്ക് ചെയ്ത് തിരിച്ചെത്തി. ഇന്ത്യയിലെക്കി ശസ്ത്രക്രിയ നടത്തി ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നു. ഇനി തുന്നലുകള്‍ നീക്കം ചെയ്ത് ഫിസിയോതെറാപ്പി ആരംഭിക്കുമെന്നും അദ്ദേഹം കുറിച്ചു. ബ്രിട്ടനിലെ ഡോക്ടര്‍മാര്‍ ദയയുള്ളവരും പ്രൊഫഷണലുകളുമായിരുന്നെങ്കിലും, കാലതാമസം അസഹനീയമായിരുന്നുവെന്നും അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ എഴുതി.