ലണ്ടന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ശനിയാഴ്ച നടക്കുന്ന സംസ്‌കാര ചടങ്ങില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ പങ്കെടുക്കുമെന്ന് നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു. മാര്‍പാപ്പയുടെ സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വത്തിക്കാനിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചതിന് പിന്നാലെയാണ് ഡൗണിങ് സ്ട്രീറ്റിന്റെ അറിയിപ്പ്. പ്രാദേശിക സമയം രാവിലെ 10 നാണ് ചടങ്ങുകള്‍ നടക്കുന്നത്.
ബുധനാഴ്ച 12.30 മുതല്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പൊതുദര്‍ശനവും നടത്തുന്നുണ്ട്. മാര്‍പാപ്പയുടെ മരണപത്ര പ്രകാരം റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ ആണ് സംസ്‌കാരം നടക്കുക. ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ലെന്നും ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും മരണപത്രത്തില്‍ പറയുന്നുണ്ട്. നിരവധി വിശ്വാസികളാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്.