Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
UK Special
  Add your Comment comment
ജയിലിന് അകത്ത് സൂപ്പര്‍മാര്‍ക്കറ്റ്, നന്നായി പെരുമാറിയാല്‍ ആഴ്ചയ്ക്ക് സാധനം വാങ്ങാന്‍ പണം കിട്ടും
reporter

ലണ്ടന്‍: ജയിലിലായിരിക്കുമ്പോള്‍ ഒരിക്കലും ഒരു സാധാരണ ജീവിതം ആയിരിക്കില്ല ജീവിക്കുന്നത് അല്ലേ? ഇവിടെ കഴിയുന്നവരെ വിളിക്കുന്നത് തന്നെ തടവുപുള്ളികള്‍ എന്നാണ്. എന്നാല്‍, പല രാജ്യങ്ങളിലും ഇപ്പോള്‍ പഴയ ജയില്‍ സംവിധാനങ്ങള്‍ എന്നതിനും അപ്പുറം റീഹാബിലിറ്റേഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. തടവുകാരെ വിവിധ ജോലികള്‍ പരിശീലിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. എന്നാല്‍, ഇപ്പോള്‍ ഇം?ഗ്ലണ്ടിലെ ഒരു ജയിലിന്റെ അകത്ത് സൂപ്പര്‍ മാര്‍ക്കറ്റ് തന്നെ തുറന്നിരിക്കുകയാണ്.

സൂപ്പര്‍ മാര്‍ക്കറ്റ് സൗകര്യമുള്ള യുകെയിലെ ആദ്യത്തെ ജയിലാവും ഇത്. തടവുകാരെ പുറത്തെ ജീവിതത്തിനായി സജ്ജമാക്കുക എന്നതിന് വേണ്ടിയാണത്രെ ഈ സൂപ്പര്‍മാര്‍ക്കറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തടവുകാര്‍ക്ക് ഷോപ്പിംഗ് നടത്താനും, ജോലികള്‍ ചെയ്ത് പഠിക്കാനും, പുതിയൊരു തുടക്കത്തിനും ഒക്കെ ഈ സൂപ്പര്‍ മാര്‍ക്കറ്റ് ലക്ഷ്യമിടുന്നു. ഐസ്ലാന്‍ഡിന്റെ പേരിലുള്ളതാണ് ഈ സ്റ്റോര്‍. കഴിഞ്ഞ മാസമാണ് സ്റ്റാഫോര്‍ഡ്ഷെയറിലെ ഫെതര്‍‌സ്റ്റോണില്‍ സ്ഥിതി ചെയ്യുന്ന എച്ച്എംപി ഓക്ക്വുഡിനുള്ളില്‍ ഈ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചിരിക്കുന്നത്.

ജയിലില്‍ നല്ല പെരുമാറ്റം കാഴ്ച വയ്ക്കുന്നവര്‍ക്കാണ് ഇവിടെ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനുള്ള പണം ലഭിക്കുക. ഇത് വ്യാജ കറന്‍സി ആയിരിക്കും. ഇതുമായി ചെന്ന് സാധനങ്ങള്‍ വാങ്ങാം. ചിക്കാഗോ ടൗണ്‍ പിസ്സാസ്, ബെന്‍ ആന്‍ഡ് ജെറി ഐസ്‌ക്രീം തുടങ്ങിയ ബ്രാന്‍ഡഡ് സാധനങ്ങള്‍ ഇവിടെ ലഭിക്കും. പുറത്ത് നിന്നുള്ളതിനേക്കാള്‍ പണം കുറവായിരിക്കും ഇവിടെ സാധനങ്ങള്‍ക്ക്. ജയിലിനകത്തെ വലിയൊരു വെയര്‍ഹൗസിനകത്താണ് ഈ സൂപ്പര്‍മാര്‍ക്കറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് കൂടാതെ ഇവിടെ ഒരു കോഫി ഷോപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. തടവുകാര്‍ തന്നെയാണ് ഇവിടെ കോഫിയും മറ്റും ഉണ്ടാക്കുന്നത് അടക്കമുള്ള ജോലികള്‍ ചെയ്യുന്നത്.

ഒപ്പം ഒരു പഴം പച്ചക്കറി കടയും ജെപി സ്‌പോര്‍ട്‌സ് എന്ന പേരില്‍ വിനോദത്തിനുള്ള സൗകര്യവും ജയിലിനകത്തുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജയിലിന് പുറത്തിറങ്ങിയാല്‍ വീണ്ടും അക്രമങ്ങളിലേക്കും മറ്റും പോകാതെ സാധാരണ ജോലികള്‍ ചെയ്തുകൊണ്ട്, സാധാരണ ജീവിതം നയിക്കാന്‍ തടവുകാരെ സജ്ജമാക്കുക എന്നതാണ് ഇതിന്റെയെല്ലാം ലക്ഷ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 15 സ്വകാര്യ ജയിലുകളില്‍ ഒന്നാണ് എച്ച്എംപി ഓക്ക്വുഡ്. എച്ച്എംപി ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്രിസണ്‍സ്, ചാര്‍ളി ടെയ്ലര്‍ പറയുന്നത് താന്‍ സന്ദര്‍ശിച്ചതില്‍ ഏറ്റവും മികച്ച ജയിലാണ് എച്ച്എംപി ഓക്ക്വുഡ് എന്നാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മയക്കുമരുന്നിന്റെയും അക്രമങ്ങളുടേയും പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ജയിലായിരുന്നു ഇത്. ഇന്ന് ഇത്തരത്തിലുള്ള പദ്ധതികളുടെ പേരില്‍ പ്രശംസിക്കപ്പെടുകയാണ് ഇതേ ജയില്‍.

 
Other News in this category

 
 




 
Close Window