കാനഡ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മക് കാര്‍ണിക്ക് നയിക്കുന്ന ലിബറല്‍ പാര്‍ട്ടിക്ക് ഭരണ തുടര്‍ച്ച. ലിബറല്‍ പാര്‍ട്ടി ചരിത്രപരമായ നാലാം തവണയും വിജയമുറപ്പിച്ചതോടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു അഭിനന്ദന സന്ദേശം അയച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന് ഊന്നല്‍കൊടുത്തുകൊണ്ടുള്ളതായിരുന്നു ആ സന്ദേശം. കൂടുതല്‍ അവസരങ്ങള്‍ തുറക്കാന്‍ ആഗ്രഹിക്കുന്നതായി മോദി കുറിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് അദ്ദേഹം അഭിന്ദന കുറിപ്പ് പങ്കുവെച്ചത്.
അതേസമയം, ഇത് ഇന്ത്യയെ സംബന്ധിച്ച് ശുഭകരമായ വാര്‍ത്തയാണ്. നയതന്ത്രപരവും വ്യാപാരപരവുമായിട്ടുള്ള ബന്ധം പുനരാരംഭിക്കുന്നതിനുള്ള അവസരമാണ് ഇതോടെ ഇന്ത്യക്കും കാനഡയ്ക്കും മുന്നില്‍ തുറന്നിരിക്കുന്നത്. ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചതായിരുന്നു ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം.
നിജ്ജര്‍ വധത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് ജഗ്മീത് സിങ്ങും മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ആരോപിച്ചിരുന്നത്. ഇന്ത്യയുടെ പങ്ക് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കി. കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി ഇന്ത്യയും തിരിച്ചടിച്ചു. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. |