പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കികൊണ്ട് മേയ് 7ന് പുലര്‍ച്ചെ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന സൈനിക നീക്കത്തിലൂടെ ഇന്ത്യ പാക്കിസ്ഥാനെതിരെ ശക്തമായി തിരിച്ചടിച്ചു. രാജ്യം അഭിമാന സൂര്യനെ നെഞ്ചേറ്റിയാണ് അന്ന് ഉറക്കമുണര്‍ന്നത്. പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമണത്തില്‍ തകര്‍ത്തു.
ഏപ്രില്‍ 22-ന് ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തിച്ചു. പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരര്‍ നടത്തിയ ആക്രമണം ഇരകളുടെ കുടുംബങ്ങളില്‍ പ്രത്യേകിച്ച് ഭര്‍ത്താക്കന്മാരെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട സ്ത്രീകള്‍ക്കിടയില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കി.
പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരുടെ വിധവകള്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് ബീഹാറിലെ ഹാജിപൂരിലെ സ്ത്രീകള്‍ ഒരു പ്രതിജ്ഞയെടുത്തു. ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിനുമുന്നിലേക്ക് കൊണ്ടുവന്ന് ഇരകള്‍ക്ക് നീതി ഉറപ്പാക്കും വരെ തങ്ങള്‍ നെറുകയില്‍ സിന്ദൂരം ചാര്‍ത്തില്ലെന്നായിരുന്നു ആ പ്രതിജ്ഞ. വിവാഹിതരായ സ്ത്രീകള്‍ ഭര്‍ത്താവിനോടുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതിബദ്ധതയുടെയും സൂചകമായാണ് സിന്ദൂരം നെറുകയില്‍ ചാര്‍ത്തുന്നത്. ഇത് ഹിന്ദു സംസ്‌കാരവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. |