ലണ്ടന്‍: ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ജയിലുകളില്‍ പ്രതികളുടെ എണ്ണമേറുന്നതിന് പിന്നാലെ ആയിരത്തിലേറെ തടവുകാരെ നേരത്തെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി. പുതിയ നയം അനുസരിച്ച് ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചതിന് ഒന്നു മുതല്‍ നാലു വര്‍ഷം വരെ തടവ് അനുഭവിക്കുന്ന കുറ്റവാളികളെ 28 ദിവസത്തിന് ശേഷം വിട്ടയക്കും. കൂടുതല്‍ ജയില്‍ സൗകര്യങ്ങളൊരുക്കാന്‍ 4.7 ബില്യണ്‍ പൗണ്ട് നിക്ഷേപം അനുവദിച്ചിട്ടുണ്ടെങ്കിലും പ്രശ്ന പരിഹാരത്തിന് ഇതു മതിയാകില്ലെന്നാണ് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്‌മൂദ് പറയുന്നത്.
അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ അഞ്ചു മാസത്തിനുള്ളില്‍ സര്‍ക്കാരിന് കുറ്റവാളികളെ ജയിലുകളിലേക്ക് വിടാന്‍ സാധിക്കില്ലെന്ന് നീതിന്യായ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി. പ്രതികളുടെ എണ്ണമേറിയതിനാല്‍ ഏകദേശം 1400 ഓളം തടവുകാരെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് മന്ത്രി അറിയിച്ചു. പരോള്‍ അവലോകനം കൂടാതെ ചില കുറ്റവാളികളെ നേരത്തെ വിട്ടയക്കും. ഇതില്‍ അപകട സാധ്യതയുള്ളവരെയോ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരെയോ ഒഴിവാക്കുന്നുണ്ട്. മൂന്നു പുതിയ ജയിലുകളുടെ നിര്‍മ്മാണം ആരംഭിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും പരിഹാരമായിട്ടില്ല. പുരുഷന്മാരായ കുറ്റവാളികളുടെ ജയില്‍ നവംബറോടെ നിറയും. ലെസ്റ്റര്‍ഷെയറിലെ എച്ച്എംപി ഗാര്‍ട്രിക്ക് സമീപം പുതിയ ജയിലിന്റെ നിര്‍മ്മാണം ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.