ലണ്ടന്‍: നിങ്ങള്‍ 'ജിജി'യെക്കുറിച്ച് കേട്ടിട്ടുണ്ടോ ആള്‍ വലിയ കേമനാണ്. അങ്ങ് ലണ്ടനില്‍ വരെയുണ്ട് പിടി! ഇന്ത്യയില്‍ നിര്‍മ്മിച്ച ഇന്ത്യയുടെ സ്വന്തം ജിന്‍ ആണ് ജിജി. 2025 ലെ ലണ്ടന്‍ സ്പിരിറ്റ്‌സ് മത്സരത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ജിന്നായി തിരഞ്ഞെടുക്കപ്പെട്ടത് ജിജിയാണ്. ഇന്ത്യയില്‍ നിന്നുള്ള ഈ തനത് ജിന്‍ ബ്രാന്‍ഡ്, മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ആയ 98 പോയിന്റുകളും സ്വര്‍ണ്ണ മെഡലും സ്വന്തമാക്കി 'സ്പിരിറ്റ് ഓഫ് ദി ഇയര്‍' എന്ന വിശിഷ്ട പുരസ്‌കാരവും കരസ്ഥമാക്കി. ഇതോടെ, ലോകമെമ്പാടുമുള്ള ജിന്‍ ആസ്വാദകര്‍ക്കിടയില്‍ ജിജി ഒരു പുതിയ തരംഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. 2025 ലെ ലണ്ടന്‍ സ്പിരിറ്റ്‌സ് മത്സരത്തില്‍, 30 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള 500 ല്‍ അധികം എന്‍ട്രികളെ പിന്തള്ളിയാണ് ജിജി ഈ നേട്ടം കൈവരിച്ചത്. പ്രശസ്തമായ ആഗോള ജിന്‍ ഡിസ്റ്റിലറികളും, തലമുറകളായി സ്പിരിറ്റ് നിര്‍മ്മാണം ചെയ്യുന്ന ലെഗസി നിര്‍മ്മാതാക്കളും മാറ്റുരച്ച മത്സരത്തിലാണ് വിജയം കൊയ്തത് എന്നത് ഈ നേട്ടത്തിന്റെ ഗാംഭീര്യം വര്‍ദ്ധിപ്പിക്കുന്നു.
ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും, സമ്പന്നമായ സാംസ്‌കാരിക പൈതൃകവുമാണ് ജിന്നിന്റെ പാചകക്കൂട്ടിന്റെ പ്രചോദനം. ലോകമെമ്പാടുമുള്ള ജിന്‍ ബ്രാന്‍ഡുകള്‍ മത്സരിക്കുന്ന ഈ രംഗത്ത്, ജിജിയെ വേറിട്ടു നിര്‍ത്തുന്നതും ഈ തനത് ഇന്ത്യന്‍ രുചിക്കൂട്ടാണ്. ഓരോ സിപ്പിലും ഇന്ത്യയുടെ മണ്ണിന്റെ ഗന്ധവും, സസ്യങ്ങളുടെ സ്വാഭാവികതയും അനുഭവിക്കാന്‍ കഴിയും എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹിമാലയന്‍ ജൂണിപ്പര്‍, തുളസി, കാമമൈല്‍ തുടങ്ങിയ അപൂര്‍വ്വ സസ്യങ്ങളുടെ സവിശേഷമായ മിശ്രിതം ഉപയോഗിച്ചാണ് ഡ്രൈ ജിന്‍ ആയ ജിജി വാറ്റിയെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ ജിന്നിന് ഒരു പ്രത്യേകതരം സങ്കീര്‍ണ്ണമായ രുചിയും ആഴത്തിലുള്ള സുഗന്ധവുമുണ്ട്. പീക്ക് സ്പിരിറ്റ്‌സ് ആണ് ഈ ജിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
സ്പിരിറ്റ് ഓഫ് ദി ഇയര്‍ കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ മദ്യം ആണ് ജിന്‍ ജിജി. എന്നാല്‍, ജിന്‍ ജിജിക്ക് കിട്ടുന്ന ആദ്യത്തെ അംഗീകാരമല്ല ഇത്. ഇതിനോടകം തന്നെ സാന്‍ ഫ്രാന്‍സിസ്‌കോ വേള്‍ഡ് സ്പിരിറ്റ്‌സ് മത്സരം, ഇന്റര്‍നാഷണല്‍ വൈന്‍ & സ്പിരിറ്റ് മത്സരം (IWSC) പോലുള്ള ലോകോത്തര വേദികളില്‍ നിന്ന് ജിജി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഈ തുടര്‍ച്ചയായ അംഗീകാരങ്ങളിലൂടെ ജിജി അന്താരാഷ്ട്ര സ്പിരിറ്റ്‌സ് ലോകത്ത് ഇതിനോടകം തന്നെ ഒരു സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ജിജി ജിന്നിന് രണ്ട് വ്യത്യസ്ത വകഭേദങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഗോവയില്‍ ഇതിന് ഏകദേശം 1540 ഉം 980 ഉം ആണ് വില. എന്നാല്‍ കര്‍ണാടകയില്‍ എത്തുമ്പോള്‍ ഇതിന്റെ വില 2791 ഉം 2245 ഉം ആയി മാറും. ഇന്ന്, അമേരിക്കന്‍ ഐക്യനാടുകള്‍, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ജിജി ലഭ്യമാണ്, ഇത് ഈ ഇന്ത്യന്‍ ബ്രാന്‍ഡിന്റെ ആഗോള സ്വീകാര്യതയുടെ തെളിവാണ്.