ലണ്ടന്‍: രാജ്യാന്തര നഴ്‌സിങ് ദിനത്തില്‍ സ്റ്റീവനേജിലെ മലയാളി നഴ്‌സായ പ്രബിന്‍ ബേബിയെ കാത്തിരുന്നത് ഇരട്ടി മധുരം. സ്റ്റീവനേജിലെ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ഹേര്‍ട്‌ഫോര്‍ഡ്ഷയര്‍ ദേശീയ ആരോഗ്യ സേവന ട്രസ്റ്റിന് കീഴിലുള്ള ലിസ്റ്റര്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ പ്രബിന്‍ ബേബിക്ക് ബക്കിങ്ങാം പാലസ് ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ വിശിഷ്ടാതിഥിയായി പ്രവേശനം ലഭിച്ചത്. പ്രബിന്‍, 'സര്‍ഗം സ്റ്റീവനേജ് മലയാളി അസോസിയേഷനി'ലെ അംഗവും മുന്‍ ഭാരവാഹിയുമാണ്. ആതുര സേവന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനും അര്‍പ്പണബോധത്തിനും ലഭിച്ച അംഗീകാരമായാണ് ഗാര്‍ഡന്‍ പാര്‍ട്ടിയിലേക്ക് പ്രബിന്റെ പേര് ട്രസ്റ്റ് നിര്‍ദ്ദേശിച്ചതും, പ്രത്യേകം ക്ഷണിച്ചതും. ബക്കിങ്ങാം പാലസിന്റെ ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ ചാള്‍സ് രാജാവ്, കാമില രാജ്ഞി, ആനി രാജകുമാരി, എഡിന്‍ബര്‍ഗ് പ്രഭു എഡ്വേര്‍ഡ്, ഗ്ലോസ്റ്ററിലെ ഡച്ചസ് സോഫി തുടങ്ങിയ രാജകുടുംബത്തിലെ പ്രമുഖര്‍ ആതിഥേയത്വം വഹിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രമുഖര്‍ ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. സമൂഹത്തിലെ അംഗങ്ങളുടെ മികച്ച സംഭാവനകളെ അഭിനന്ദിക്കുന്നതിനും, അവരുടെ പൊതുസേവനത്തെ ആദരിക്കുന്നതിനുമായി 1860 മുതല്‍ രാജകുടുംബം വര്‍ഷം തോറും ഗാര്‍ഡന്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
ഗാര്‍ഡന്‍ പാര്‍ട്ടി നടക്കുന്ന ദിവസങ്ങളില്‍ ഉച്ചയ്ക്ക് മൂന്ന് മണിയോടെ കൊട്ടാരത്തിന്റെ കവാടങ്ങള്‍ തുറക്കുകയും അതിഥികളെ സ്വീകരിക്കാന്‍ തുടങ്ങുകയും ചെയ്യും. അതിഥികളുടെ പ്രവേശനം ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷം രാജകുടുംബാംഗങ്ങളെത്തും. സൈനിക ബാന്‍ഡിന്റെ ദേശീയഗാനാലാപനത്തോടെയാണ് പരിപാടി ഔദ്യോഗികമായി ആരംഭിക്കുന്നത്. പിന്നീട് രാജകുടുംബാംഗങ്ങള്‍ അതിഥികളുമായി സംവദിക്കും. ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ സാധാരണയായി ചായ, സാന്‍ഡ്വിച്ചുകള്‍, ക്രീമും ജാമും ചേര്‍ത്ത റൊട്ടികള്‍, വിക്ടോറിയ സ്‌പോഞ്ച് കേക്കുകള്‍ തുടങ്ങിയ വിഭവങ്ങളാണ് വിളമ്പുന്നത്. കൂടാതെ, സ്വാദിഷ്ടമായ കസ്റ്റാര്‍ഡ് നിറച്ച പൈ, മിനി-പൈ തുടങ്ങിയ ചെറുപലഹാരങ്ങളും ഉണ്ടാവാറുണ്ട്. എന്നാല്‍ കൊട്ടാരത്തിലെ മനോഹരമായ പൂന്തോട്ടത്തിലിരുന്ന് രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികളോടൊപ്പം സമയം ചെലവഴിക്കാന്‍ ലഭിക്കുന്ന അവസരമാണ് ഇതിലെ പ്രധാന ആകര്‍ഷണം.
ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ഹേര്‍ട്‌ഫോര്‍ഡ്ഷയര്‍ ദേശീയ ആരോഗ്യ സേവന ട്രസ്റ്റിന് കീഴിലുള്ള സ്റ്റീവനേജിലെ ലിസ്റ്റര്‍ ഹോസ്പിറ്റലിലെ നഴ്‌സായ പ്രബിന്‍ ബേബി തിരുവല്ല സ്വദേശിയാണ്. യുകെയില്‍ എത്തി അഞ്ച് വര്‍ഷം തികയുന്നതിനു മുന്‍പ് തന്നെ, കഴിവും സംഘാടക മികവും നഴ്‌സിങ് രംഗത്തും സഹപ്രവര്‍ത്തകര്‍ക്കിടയിലും ട്രസ്റ്റിലും ശ്രദ്ധ നേടാന്‍ പ്രബിന് സാധിച്ചു. പുതുതായി എത്തുന്ന ജീവനക്കാരുടെ പ്രോത്സാഹനത്തിനും സഹായത്തിനും മികച്ച സംഭാവനകള്‍ നല്‍കിയതിന്റെയും, ആകര്‍ഷകമായ നേതൃപാടവത്തിന്റെയും അടിസ്ഥാനത്തില്‍ ട്രസ്റ്റ് പ്രബിനെ രോഗീ പരിചരണ വിഭാഗം കോഓര്‍ഡിനേറ്ററായി ഉയര്‍ത്തി. നിലവില്‍ അദ്ദേഹം പേഷ്യന്റ് എക്‌സ്പീരിയന്‍സ് നഴ്‌സായി സേവനമനുഷ്ഠിക്കുന്നു. സ്റ്റീവനേജിലെ ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ കേരളത്തിന്റെ ദേശീയോത്സവമായ 'തിരുവോണം' ആഘോഷിക്കാന്‍ ഒരു ദിനവും വേദിയും ഒരുക്കുന്നതിനും, ആവശ്യമായ ഫണ്ടും മറ്റ് സഹായങ്ങളും സംഘടിപ്പിച്ച് ഓണസദ്യയടക്കം വിളമ്പാന്‍ സാധിച്ചത് പ്രബിന്റെ ശ്രദ്ധേയമായ ഇടപെടലിലൂടെയാണ്. ലിസ്റ്റര്‍ ഹോസ്പിറ്റലിലെ തദ്ദേശീയരും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമായ ജീവനക്കാര്‍ക്കിടയില്‍ 'തിരുവോണ'ത്തെ പരിചയപ്പെടുത്താനും, 'ഓണസദ്യ'യെ അവരുടെ ഇഷ്ടവിഭവമാക്കി മാറ്റാനും ഇതിനോടകം പ്രബിന് കഴിഞ്ഞിട്ടുണ്ട്.