ലണ്ടന്‍: ഇറാന്റെ രഹസ്യാന്വേഷണ ഏജന്‍സിക്കായി ചാരപ്രവര്‍ത്തി ചെയ്തെന്ന് ആരോപിച്ച് മൂന്ന് ഇറാന്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്ത് ബ്രിട്ടന്‍. മുസ്തഫ സെപാഹ്വന്ദ് (39), ഫര്‍ഹാദ് ജവാദി മനേഷ് (44) ഷാപൂര്‍ ഖലെഹാലി ഖാനി നൂരി (55) എന്നിവരെയാണ് ചാരക്കുറ്റം ചുമത്തി ബ്രിട്ടന്‍ കസ്റ്റഡിയിലെടുത്ത്. മൂവര്‍ക്കുമെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയതായി പൊലീസ് പുറത്ത് വിട്ട് പ്രസ്താവനയില്‍ വ്യക്തമാക്കി. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് മൂന്ന് പേരെയും അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ മൂന്ന് പേരും യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുന്നതിനായി പ്രവര്‍ത്തിച്ചെന്നാണ് ആരോപണം. മൂവരേയും ഇന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മാധ്യമ സംഘടനയായ ഇറാന്‍ ഇന്റര്‍നാഷണലില്‍ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നാണ് ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു ഇറാന്‍ ഭരണകൂടത്തിന്റെ വിമര്‍ശകരായ ഇറാന്‍ ഇന്റര്‍നാഷണലിനെ ഇറാന്‍ നിരോധിച്ചിരുന്നു.
രണ്ടാഴ്ച മുമ്പാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവര്‍ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള വളരെ ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്ക് നേരെ ചുമത്തപ്പെട്ടതെന്നും വളരെ സങ്കീര്‍ണമായ അന്വേഷണത്തിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും മെറ്റ് കൗണ്ടര്‍ ടെററിസം കമാന്‍ഡിലെ കമാന്‍ഡര്‍ ഡൊമിനിക് മര്‍ഫി പറഞ്ഞു, അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത നാലാമത്തെ ഇറാനിയന്‍ പൗരനെ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. അതേസമയം ഇറാനിയന്‍ പൗരന്മാരെ ബ്രിട്ടീഷ് അധികൃതര്‍ അറസ്റ്റ് ചെയ്തതതില്‍ താന്‍ അസ്വസ്ഥനാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പ്രതികരിച്ചിരുന്നു. യു.കെയുടെ പുതിയ നിയമപ്രകാരം യു.കെയില്‍ ഇറാന് വേണ്ടിയോ, ഇറാന്റെ രഹസ്യാന്വേഷണ വിഭാഗത്തിനോ, റെവല്യൂഷണറി ഗാര്‍ഡിനോ വേണ്ടി ജോലി ചെയ്യുന്ന എല്ലാ ആളുകളും രജിസ്റ്റര്‍ ചെയ്യണമെന്നും അല്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന ചട്ടമുണ്ട്.