കെന്റിഷ് ടൗണില്‍ ഒരു വാഹനത്തിന് തീപിടുത്തം, അതേ തെരുവിലെ പ്രധാനമന്ത്രിയുടെ സ്വകാര്യ വീട്ടില്‍ തീപിടുത്തം, വടക്കുപടിഞ്ഞാറന്‍ ലണ്ടനില്‍ അദ്ദേഹം മുമ്പ് താമസിച്ചിരുന്ന ഒരു വിലാസത്തില്‍ തീപിടുത്തം. മൂന്ന് സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായെന്ന് പോലീസ്. ശനിയാഴ്ച, ഇതേ കുറ്റത്തിന് സംശയത്തിന്റെ പേരില്‍ 26 വയസ്സുള്ള ഒരാള്‍ ലൂട്ടണ്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായി. 21 വയസ്സുകാരനായ റോമന്‍ ലാവ്രിനോവിച്ച് എന്നയാളാണ് ഈ കുറ്റത്തിന് ആദ്യം അറസ്റ്റിലായത്. ഇയാള്‍ യുക്രൈന്‍ വംശജനാണെന്ന് നേരത്തെ പോലീസ് വെളിപ്പെടുത്തിയിരുന്നു.
ലുട്ടണ്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായ ആളെ ചോദ്യം ചെയ്യാന്‍ പോലീസിന് കൂടുതല്‍ സമയം നല്‍കിയിട്ടുണ്ട്. അയാള്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട കേസായതിനാല്‍ തീവ്രവാദ വിരുദ്ധ പോലീസാണ് അന്വേഷണം നടത്തുന്നത്.
തിങ്കളാഴ്ച ലണ്ടനിലെ ചെല്‍സിയില്‍ നിന്നാണ് മൂന്നാമനെ പിടികൂടിയത് എന്ന് മെറ്റ് പോലീസ് അറിയിച്ചു. ജീവന്‍ അപകടപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ഗൂഢാലോചന കുറ്റം ചുമത്തിയാണ് 34 കാരനായ ഇയാളെ അറസ്റ്റ് ചെയ്തത് എന്ന് പോലീസ് പറഞ്ഞു. |