ന്യൂപോര്‍ട്ട്: ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 4.5 ശതമാനത്തില്‍ നിന്ന് 4.25 ശതമാനമായി കുറച്ചത് യുകെയില്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവില്‍ ഭവനവായ്പ ഉള്ളവര്‍ക്കും ഒരുപോലെ ഗുണകരമാകുമെന്ന് വിലയിരുത്തല്‍. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചതിനാല്‍ വീട് വാങ്ങുന്നതിന് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും നല്‍കുന്ന വായ്പയായ മോര്‍ഗേജ്, നിലവിലുള്ള ഭവന വായ്പയുടെ പലിശ നിരക്ക് കുറഞ്ഞ ശേഷം പുതിയ വായ്പ എടുക്കുന്ന റീ മോര്‍ഗേജ് എന്നിവയുടെ പലിശ നിരക്ക് കുറയും. പുതിയതായി എടുക്കുന്ന ഭവന വായ്പയുടെ പ്രതിമാസ തിരിച്ചടവ് തുക കുറയുന്നതിനും കുറഞ്ഞ നിരക്കുകളില്‍ ഭവന വായ്പ ലഭിക്കുന്നതിനും പുതിയ തീരുമാനം വഴിയൊരുക്കും. പലിശ നിരക്കിലുണ്ടായ കുറവ് ഭവന വായ്പ ലഭ്യമാകുന്നതിന് അനുകൂല സാഹചര്യമൊരുക്കിയിരിക്കുന്നതായി യുകെയിലെ ഭവനവായ്പ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍ക്ക് ക്യാപ്പിറ്റലില്‍ എഫ്‌സിഎ (FCA) അപ്രൂവ്ഡ് സീനിയര്‍ മാനേജ്‌മെന്റ് ഫങ്ഷന്‍ കൈകാര്യം ചെയ്യുന്ന എസ്എംഎഫ്16 (SMF16 ) ഉപദേഷ്ടാവ് ടിജോ ജോസഫ് പറഞ്ഞു.
പലിശ കുറഞ്ഞ ഭവന വായ്പ എളുപ്പത്തില്‍ ലഭ്യമാകുമെന്നതിനാല്‍ വീട് വാങ്ങി വാടകയ്ക്ക് നല്‍കുന്ന ബൈ ടു ലെറ്റ് ബിസിനസിന് ഉണര്‍വുപകരാനും പുതിയ തീരുമാനം സഹായകമാകുമെന്നും ടിജോ ചൂണ്ടിക്കാട്ടി. ഭവന വായ്പ അനുവദിക്കുന്നതിനായുള്ള പരിശോധനാ മാനദണ്ഡങ്ങളില്‍ ചില ധനകാര്യ സ്ഥാപനങ്ങള്‍ അടുത്തയിടെ അയവു വരുത്തിയിരുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ധനകാര്യ സ്ഥാപനങ്ങള്‍ തമ്മില്‍ ശക്തമായ മല്‍സരവും യുകെയില്‍ നിലനില്‍ക്കുന്നുണ്ട്. ആദ്യ മൂന്നുമാസത്തേക്ക് വായ്പാ തവണ അടക്കേണ്ടതില്ലെന്ന ഓഫറുകളടക്കം ചില ബാങ്കുകള്‍ മുന്നോട്ടുവെക്കുന്നു. ഇതോടൊപ്പം പലിശ നിരക്ക് കുറയുകകൂടി ചെയ്തത് ഭവന വായ്പ എടുക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരമാമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2016ല്‍ 0.25 ശതമാനത്തിലായിരുന്ന ദേശീയ പലിശ നിരക്ക്, കോവിഡിന്റെയും യുക്രെയ്ന്‍ യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ 11 ശതമാനത്തിനു മുകളിലെത്തിയിരുന്ന പണപ്പെരുപ്പനിരക്കിനെ നേരിടാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 5.25 ശതമാനത്തില്‍ വരെ എത്തിച്ചിരുന്നു. ഇതോടെ വര്‍ധിച്ച മോര്‍ഗേജ് പലിശയിലാണ് ഇനി കുറവുണ്ടാകുന്നത്.