ലണ്ടന്‍: ബ്രക്‌സിറ്റില്‍ തകര്‍ന്നുപോയ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം വിളക്കിച്ചേര്‍ച്ച് നേതാക്കളുടെ ഉച്ചകോടി. ലണ്ടനില്‍ പ്രധാനമന്ത്രി സര്‍ കിയേര്‍ സ്റ്റാമെര്‍ മുന്‍കൈയെടുത്തു നടത്തിയ നേതാക്കളുമായുള്ള ചര്‍ച്ചകളില്‍ ഉരിത്തിരിഞ്ഞത് വിവിധ മേഖലകളില്‍ സഹകരണത്തിനുള്ള കരാറുകള്‍. ഭക്ഷ്യോല്‍പന്നങ്ങളുടെ വിനിമയം, ഫിഷിങ്, പ്രതിരോധ സഹകരണം, യൂത്ത് മൊബിലിറ്റി പ്രോഗ്രാം എന്നീ വിഷയങ്ങളിലെല്ലാം ഇരു കൂട്ടരും തമ്മില്‍ വ്യക്തമായ ധാരണയുണ്ടായി.
2038 വരെ 12 വര്‍ഷക്കാലത്തേക്ക് യൂറോപ്യന്‍ ഫിഷിങ് ബോട്ടുകള്‍ക്ക് ബ്രിട്ടിഷ് സമുദ്രാതിര്‍ത്തിയില്‍ മല്‍സ്യബന്ധനത്തിന് അനുമതി നല്‍കുന്ന ദീര്‍ഘകാല കരാറാണ് ഉച്ചകോടിയുടെ ഏറ്റവും വലിയ നേട്ടം. ഇതിനു പകരമായി ബ്രിട്ടിഷ് നിര്‍മിത ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് യൂറോപ്യന്‍ വിപണിയിലേക്കുള്ള ചെക്കിങ്ങിന് ഇളവുകള്‍ ലഭിക്കും. ബര്‍ഗറുകള്‍, സോസേജുകള്‍ തുടങ്ങി ബ്രിട്ടണ്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ക്കുമേല്‍ പരിമിതമായ നിയന്ത്രണങ്ങളേ ഇനിമുതല്‍ ഉണ്ടാകൂ. യൂറോപ്യന്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് ബ്രിട്ടിഷ് വിപണിയിലേക്കുള്ള പ്രവേശനവും കൂടുതല്‍ എളുപ്പമാക്കും.
യൂറോപ്യന്‍ യൂണിയന്റെ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി പദ്ധതിയുടെ ഭാഗമാകാന്‍ ബ്രിട്ടണ് വീണ്ടും അനുമതി നല്‍കുന്നതാണ് ഉച്ചകോടിയുടെ മറ്റൊരു നേട്ടം. യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളുടെ അതിര്‍ത്തി കടക്കാന്‍ ഇപ്പോള്‍ അനുഭവിക്കേണ്ടിവരുന്ന നീണ്ട ക്യൂവിനും ഇന്നത്തെ ഉച്ചകോടിയോടെ പരിഹാരമുണ്ടാകും. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പ്രധാനമന്ത്രി ഇന്നുച്ചക്കുശേഷം പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആനിമല്‍ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ ഒഴിവാക്കി പെറ്റ് പാസ്‌പോര്‍ട്ടുകള്‍ പുനഃസ്ഥാപിക്കുന്നതും ചര്‍ച്ചയിലുണ്ട്. ഇരുപക്ഷത്തെയും യുവാക്കള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും യാത്രചെയ്യാനും ജോലിചെയ്യാനും സാധിക്കുന്ന യൂത്ത് എക്‌സിപീരിയന്‍സ് സ്‌കീം പുനഃസ്ഥാപിക്കുന്നതാണ് സമ്മിറ്റിന്റെ മറ്റൊരു അജണ്ട.