ലണ്ടന്‍: തീരുമാനിച്ച് ഉറപ്പിച്ച സമയത്തിനു മുന്‍പേ ബിബിസിയുടെ പടിയിറങ്ങാനൊരുങ്ങി ഫുട്‌ബോള്‍ പ്രസന്ററും കമന്റേറ്ററുമായ ഗാരി ലിനേക്കര്‍. അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന 2026ലെ ലോകകപ്പിനും വരുന്ന എഫ്.എ കപ്പിനും ശേഷം ബിബിസിയുമായുള്ള കരാര്‍ അവസാനിപ്പിച്ച് പടിയിറങ്ങാനായിരുന്നു നേരത്തെ സൂപ്പര്‍ താരം ലിനേക്കറുടെ തീരുമാനം. എന്നാല്‍ ഈ തീരുമാനം മാറ്റി ഉടന്‍ തന്നെ ലിനേക്കര്‍ ബിബിസിയുമായുള്ള ബന്ധം അവസാനിപ്പിക്കും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. സമൂഹമാധ്യമത്തില്‍ അദ്ദേഹം പങ്കുവച്ച ആന്റിസെമിറ്റിക് പോസ്റ്റ് തിരിച്ചടിയായതാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്താന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയത്. പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഇതുസംബന്ധിച്ച വിവാദങ്ങള്‍ക്ക് മറുപടി പറയേണ്ട ഗതികേടിലാണ് സൂപ്പര്‍ താരം.
26 വര്‍ഷമായി ബിബിസിയിലെ 'മാച്ച് ഓഫ് ദ ഡേ'യുടെ അവതാരകനാണ് ലിനേക്കര്‍. അടുത്ത ഞായറാഴ്ചത്തെ മല്‍സരത്തോടെ ബിബിസിയുടെ സ്റ്റുഡിയോയില്‍നിന്നും ലിനേക്കര്‍ ഒഴിവായേക്കുമെന്ന് ബിബിസി തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുസംബന്ധിച്ച അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നും കരുതുന്നു. ബിബിസിയില്‍നിന്നും ഏറ്റവും അധികം തുക പ്രതിഫലം വാങ്ങുന്ന പ്രസന്ററാണ് ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളും 1986 ലോകകപ്പിലെ ടോപ് സ്‌കോററുമായ (ഗോള്‍ഡന്‍ ബൂട്ട് വിന്നര്‍) ഗാരി ലിനേക്കര്‍.