ലണ്ടന്‍: ഓക്സ്ഫോര്‍ഡിന് സമീപമുള്ള ബ്ലെന്‍ഹൈം കൊട്ടാരത്തില്‍ നിന്ന് 4.5 മില്യണ്‍ പൗണ്ട് (ഏകദേശം 51 കോടി 54 ലക്ഷം രൂപ)വിലമതിക്കുന്ന സ്വര്‍ണ്ണ ടോയ്ലറ്റ് മോഷ്ടിച്ച സംഘത്തിലെ പ്രതിക്ക് ശിക്ഷയില്‍ ഇളവ്. 2019 -ലാണ് ഈ മോഷണം നടന്നത്. മോഷണ സംഘത്തില്‍ അംഗമായിരുന്ന യുകെ സ്വദേശിയും 37 -കാരനുമായ ഫെഡറിക് ' ഡോയുടെ ശിക്ഷയിലാണ് യുകെ കോടതി ഇപ്പോള്‍ ഇളവ് നല്‍കിയിരിക്കുന്നത് . മുന്‍പ് ഇയാള്‍ക്ക് വിധിച്ചിരുന്ന 21 മാസത്തെ ജയില്‍ ശിക്ഷയില്‍ ഇളവ് നല്‍കിയ കോടതി ഇപ്പോള്‍ ഇയാളോട് 240 മണിക്കൂര്‍ ശമ്പളം ഇല്ലാതെ ജോലി ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
2019 സെപ്റ്റംബറില്‍ ബ്ലെന്‍ഹൈം കൊട്ടാരത്തിനുള്ളില്‍ നടന്ന പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു 'അമേരിക്ക' എന്ന പേരിട്ടിരുന്ന സ്വര്‍ണ്ണ ടോയ്‌ലറ്റ്. ഇറ്റാലിയന്‍ കലാകാരനായ മൗറീഷ്യോ കാറ്റെലന്‍ ആണ് ഇത് നിര്‍മ്മിച്ചത്. 18 ക്യാരറ്റ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ടോയ്ലറ്റ് ആണ് ഇത്. ഏകദേശം 98 കിലോഗ്രാം (216 പൗണ്ട്) ഭാരമുള്ള ഈ ടോയ്ലറ്റ് 2.8 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന 20 കിലോഗ്രാം സ്വര്‍ണ്ണം ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഫെഡറിക്കിനെ കൂടാതെ മോഷണത്തില്‍ ഉള്‍പ്പെട്ട മറ്റ് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.39 -കാരനായ മൈക്കല്‍ ജോണ്‍സണ്‍, 40 -കാരനായ ജെയിംസ് ഷീന്‍ എന്നിവരായിരുന്നു ആ പ്രതികള്‍. ഇപ്പോള്‍ ഫെഡറിക്കിന്റെ തടവ് ശിക്ഷയാണ് കോടതി റദ്ദ് ചെയ്തത്. മോഷണത്തില്‍ ഫെഡറിക് ഒരു ഇടനിലക്കാരന്‍ മാത്രമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു വിധിവന്നത്. മോഷ്ടിച്ച ടോയ്ലറ്റില്‍ നിന്ന് സെപ്റ്റംബറില്‍ തന്നെ പ്രതികള്‍ 20 കിലോയോളം സ്വര്‍ണം ബര്‍മിംഗ്ഹാമിലെ ഒരു ജ്വല്ലറിയില്‍ വിറ്റതായി വിചാരണവേളയില്‍ തെളിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.