ന്യൂഡല്‍ഹി: നവീകരിച്ച ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഇതിന്റെ പുതിയ ഓണ്‍ലൈന്‍ യൂസര്‍ ഇന്റര്‍ഫേസ് വിദേശ പൗരന്മാര്‍ക്കുള്ള റജിസ്‌ട്രേഷന്‍ പ്രക്രിയ ലളിതമാക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ലോകോത്തര ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ നല്‍കാന്‍ നിരന്തരം പരിശ്രമിക്കുകയാണ്. ലോകമെമ്പാടുമുള്ള നിരവധി ഇന്ത്യന്‍ വംശജരായ പൗരന്മാര്‍ വിവിധ രാജ്യങ്ങളില്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുമ്പോഴോ താമസിക്കുമ്പോഴോ ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പുതിയ പോര്‍ട്ടല്‍ നിലവിലുള്ള അഞ്ച് ദശലക്ഷത്തിലധികം ഒസിഐ കാര്‍ഡ് ഉടമകള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും മെച്ചപ്പെട്ട പ്രവര്‍ത്തനക്ഷമത, നൂതന സുരക്ഷ, ഉപയോക്തൃ സൗഹൃദ അനുഭവം എന്നിവ നല്‍കും. നിലവിലുള്ള ഒസിഐ സേവന പോര്‍ട്ടല്‍ 2013ല്‍ ആണ് വികസിപ്പിച്ചത്. നിലവില്‍ വിദേശത്തുള്ള 180ല്‍ അധികം ഇന്ത്യന്‍ മിഷനുകളിലും 12 വിദേശി റീജനല്‍ റജിസ്‌ട്രേഷന്‍ ഓഫിസുകളിലും ഇത് പ്രവര്‍ത്തിക്കുന്നു. പ്രതിദിനം ഏകദേശം 2,000 അപേക്ഷകള്‍ ഈ പോര്‍ട്ടല്‍ വഴി പ്രോസസ്സ് ചെയ്യുന്നു. കഴിഞ്ഞ ദശകത്തിലെ സാങ്കേതിക പുരോഗതിയും ഒസിഐ കാര്‍ഡ് ഉടമകളില്‍ നിന്ന് ലഭിച്ച പ്രതികരണവും കണക്കിലെടുത്ത്, നിലവിലുള്ള പോര്‍ട്ടലിന്റെ പരിമിതികള്‍ പരിഹരിക്കുന്നതിനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി നവീകരിച്ച പോര്‍ട്ടല്‍ വികസിപ്പിച്ചെടുത്തതായി വക്താവ് കൂട്ടിച്ചേര്‍ത്തു.
പുതിയ ഒസിഐ പോര്‍ട്ടലിന്റെ പ്രധാന ഉപയോക്തൃ സൗഹൃദ സവിശേഷതകളെക്കുറിച്ച് വിശദീകരിക്കുന്നതിനായി, ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ സൈന്‍ അപ്പ് ചെയ്യാനും റജിസ്റ്റര്‍ ചെയ്യാനും സാധിക്കും. റജിസ്‌ട്രേഷന്‍ മെനുവിലെ വിവിധ ഓപ്ഷനുകള്‍ വേര്‍തിരിച്ചിട്ടുണ്ട്. റജിസ്‌ട്രേഷന്‍ ഫോമുകളില്‍ ഉപയോക്താക്കളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ സ്വയമേവ പൂരിപ്പിക്കപ്പെടും. പൂര്‍ത്തിയാക്കിയതും ഭാഗികമായി പൂരിപ്പിച്ചതുമായ അപേക്ഷകള്‍ കാണിക്കുന്ന ഒരു ഡാഷ്ബോര്‍ഡ് പോര്‍ട്ടലില്‍ ലഭ്യമാണ്. കൂടാതെ, എഫ്ആര്‍ആര്‍ഒകളില്‍ അപേക്ഷ നല്‍കിയവര്‍ക്കായി സംയോജിത ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അപേക്ഷിക്കുന്ന എല്ലാ ഘട്ടങ്ങളിലും തടസ്സമില്ലാത്ത നാവിഗേഷന്‍ സാധ്യമാക്കുന്നു. അപേക്ഷയുടെ തരം അനുസരിച്ച് അപ്ലോഡ് ചെയ്യേണ്ട രേഖകളുടെ വിഭാഗങ്ങള്‍ തിരിച്ചിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പുള്ള ഏത് ഘട്ടത്തിലും അപേക്ഷകന് വിവരങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം, പോര്‍ട്ടലില്‍ സംയോജിപ്പിച്ചിട്ടുള്ള പതിവുചോദ്യങ്ങള്‍ (FAQ), അന്തിമമായി സമര്‍പ്പിക്കുന്നതിന് മുമ്പ് വിവരങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ ഓര്‍മപ്പെടുത്തല്‍, തിരഞ്ഞെടുത്ത അപേക്ഷയുടെ തരം അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങളും ആവശ്യമായ രേഖകളും പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യം, അപേക്ഷകന്റെ ഫോട്ടോകളും ഒപ്പും അപ്ലോഡ് ചെയ്യുന്നതിനുള്ള ഇന്‍-ബില്‍റ്റ് ഇമേജ് ക്രോപ്പിങ് ടൂള്‍ എന്നിവയും പുതിയ പോര്‍ട്ടലിന്റെ സവിശേഷതകളാണ് എന്ന് വക്താവ് വിശദീകരിച്ചു.