ലണ്ടന്‍: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ നിന്ന് ബ്രിട്ടണിലേയ്ക്ക് പഠനാവശ്യങ്ങള്‍ക്കും ജോലിക്കുമായി വന്‍തോതിലാണ് കുടിയേറ്റം ഉണ്ടായത്. ബ്രിട്ടണിലെ മുന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ റിഷി സുനകിന്റെ കാലത്ത് ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റത്തിന് കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ബ്രിട്ടണിന്റെ പ്രധാനമന്ത്രിയായി കെയര്‍ സ്റ്റാര്‍മര്‍ എത്തിയതോടെ കാര്യങ്ങള്‍ മാറി. കുടിയേറ്റ നയത്തെ എതിര്‍ത്ത സ്റ്റാര്‍മര്‍ ബ്രിട്ടണില്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ബ്രട്ടണില്‍ നിലവിലെ കര്‍ശനമായ വിസ, കുടിയേറ്റ നയങ്ങള്‍ ഇന്ത്യന്‍ പൗരന്മാരുടെ കുടിയേറ്റ രീതികളില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. 2024-ലെ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ONS) വിശകലനം അനുസരിച്ച്, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യം വിട്ട വിദേശികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യക്കാരാണ്. പഠന ആവശ്യങ്ങള്‍ക്കായി ബ്രിട്ടണിലെത്തിയ ഏകദേശം 37,000 ഇന്ത്യക്കാര്‍ ഇപ്പോള്‍ രാജ്യം വിട്ടു. ജോലി ആവശ്യത്തിനായി ബ്രിട്ടണില്‍ ഉണ്ടായിരുന്ന 18,000 പേര്‍ കൂടി രാജ്യം വിട്ടു. കൂടാതെ, മറ്റ് വ്യക്തമല്ലാത്ത കാരണങ്ങളാല്‍ ബ്രിട്ടണില്‍ ഉണ്ടായിരുന്ന 3,000 പേരും രാജ്യം വിട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ പൗരന്മാര്‍ക്ക് പിന്നാലെ 45,000 പേര്‍ ചൈനീസ് വിദ്യാര്‍ത്ഥികളും തൊഴിലാളികളും ബ്രിട്ടണ്‍ വിട്ടു. കുടിയേറ്റ സ്ഥിതിവിവരക്കണക്കുകളില്‍ നൈജീരിയക്കാര്‍ (16,000), പാകിസ്ഥാനികള്‍ (12,000) , അമേരിക്കക്കാര്‍ (8,000) എന്നിവരും 2024ല്‍ ബ്രിട്ടണ്‍ വിട്ടുപോയവരാണ്. ബ്രിട്ടണില്‍ നിന്ന് ആളുകള്‍ സ്വദേശത്തേയ്ക്ക് മടങ്ങിയതോടെ, രാജ്യത്തെ മൊത്തത്തിലുള്ള നെറ്റ് മൈഗ്രേഷന്‍ 431,000 ആയി കുറഞ്ഞു. പഠനവുമായി ബന്ധപ്പെട്ട കുടിയേറ്റക്കാരാണ് കൂടുതലായും ബ്രിട്ടണ്‍ വിട്ടത്. ഒഎന്‍എസിലെ പോപ്പുലേഷന്‍ സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടര്‍ മേരി ഗ്രിഗറി സൂചിപ്പിക്കുന്നത്, രാജ്യത്ത് കുടിയേറ്റക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണം ജോലിക്കും പഠനത്തിനുമായി ബ്രിട്ടണിലേയ്ക്ക് വരുന്ന ആളുകളുടെ എണ്ണം കുറഞ്ഞതാണ്. തീവ്ര വലതുപക്ഷ കുടിയേറ്റ വിരുദ്ധ റിഫോം പാര്‍ട്ടി ബ്രിട്ടണില്‍ അധികാരത്തിലെത്തിയതോടെ, രാഷ്ട്രീയ അജണ്ടയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു വിഷയമായ നെറ്റ് മൈഗ്രേഷനിലെ കുറവിനെ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്തു . മുന്‍ ഭരണകൂടത്തിന്റെ കീഴില്‍ നെറ്റ് മൈഗ്രേഷന്‍ ഏകദേശം 1 ദശലക്ഷത്തിലെത്തിയിരുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നെറ്റ് മൈഗ്രേഷനില്‍ ഏകദേശം 50 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം അറിയിച്ചു.
ബ്രിട്ടണിലേക്കുള്ള ദീര്‍ഘകാല കുടിയേറ്റം ഏകദേശം മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി 1 ദശലക്ഷത്തില്‍ താഴെയായി, 2024ല്‍ 948,000 കുടിയേറ്റക്കാര്‍ മാത്രമാണ് രാജ്യത്ത് എത്തിയത്. എന്നാല്‍ 2023ല്‍ 1,326,000 കുടിയേറ്റക്കാരാണ് ബ്രിട്ടണില്‍ എത്തിയത്. അതേസമയം, കുടിയേറ്റം ഏകദേശം 11 ശതമാനം വര്‍ദ്ധിച്ചു, ഡിസംബര്‍ വരെയുള്ള വര്‍ഷത്തില്‍ 517,000 പേര്‍ ബ്രിട്ടണ്‍ വിട്ടതായി കണക്കാക്കപ്പെടുന്നു, മുന്‍ വര്‍ഷം ഇത് 466,000 ആയിരുന്നു. ഋഷി സുനക് നയിച്ച പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സര്‍ക്കാരിനു കീഴില്‍ വര്‍ദ്ധിച്ച കുടിയേറ്റം, 2024 ല്‍ കുറഞ്ഞതിനു പിന്നില്‍ തന്റെ ഭരണകാലത്ത് നടപ്പിലാക്കിയ വിസ നിയമ മാറ്റങ്ങളാണ് സ്റ്റാര്‍മര്‍ ചൂണ്ടിക്കാണിക്കുന്നു.