ലണ്ടന്‍: വിദ്യാര്‍ഥി വീസയ്ക്കും ആശ്രിത വീസകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ യുകെയിലേക്കുള്ള കുടിയേറ്റ നിരക്ക് ഗണ്യമായി കുറഞ്ഞതായി കണക്കുകള്‍. ഓഫിസ് ഓഫ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2024ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ കുടിയേറ്റ നിരക്ക് പകുതിയായി കുറഞ്ഞിട്ടുണ്ട്. ഏറ്റവും പുതിയ കണക്ക് പ്രകാരം 2024ലെ കുടിയേറ്റക്കാരുടെ എണ്ണം 431,000 ആണ്. 2023ല്‍ ഇത് 860,000 ആയിരുന്നു. സമീപകാലത്തെ ഏറ്റവും വലിയ കുറവാണ് ഈ കണക്കിലൂടെ വ്യക്തമാകുന്നത്. കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ സ്ഥാനമൊഴിയുന്നതിനു മുന്‍പ് പ്രഖ്യാപിച്ച വീസ നടപടി ക്രമങ്ങളിലെ കര്‍ക്കശമായ വ്യവസ്ഥകളും പരിഷ്‌കാരങ്ങളുമാണ് ഈ മാറ്റത്തിനു വഴിവച്ചത്. കോവിഡിനുശേഷം ബ്രിട്ടന്റെ വാതിലുകള്‍ വിദേശ വിദ്യാര്‍ഥികള്‍ക്കും കെയര്‍ വര്‍ക്കര്‍മാര്‍ക്കും അണ്‍സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുമെല്ലാമായി നിര്‍ബാധം തുറന്നിരുന്നു. ഇതിന്റെ മറവില്‍ യുകെയിലേക്ക് ഒഴുകിയെത്തിയത് ലക്ഷങ്ങളാണ്. ഇവര്‍ക്കൊപ്പം ഇവരുടെ ആശ്രിതര്‍കൂടി എത്തിയതോടെ കുടിയേറ്റ നിരക്ക് നിയന്ത്രണവിധേയമല്ലാതായി. ഇതാണ് കര്‍ക്കശമായ വ്യവസ്ഥകളിലൂടെ കുടിയേറ്റം നിയന്ത്രിക്കാന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുപോലെ തന്നെ അഭയാര്‍ഥികളായി യുകെയിലേക്ക് എത്തുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് ഹോം ഓഫിസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
2024ല്‍ 38,079 പേരായിരുന്നു അഭയാര്‍ഥി സ്റ്റാറ്റസിന് അപേക്ഷിച്ച് ഹോട്ടലുകളില്‍ താമസിച്ചിരുന്നത്. 2025ല്‍ ഇവരുടെ എണ്ണം 32,345 ആയി കുറഞ്ഞു. 2023ല്‍ ഇത് 58,636 ആയിരുന്നു. 29,585 വരെയായി കുറഞ്ഞ അഭയാര്‍ഥികളുടെ എണ്ണം ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയശേഷമാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഇതിനിടെ അനധികൃത താമസക്കാരെയും വീസ തീര്‍ന്നിട്ടും ഇവിടെ തന്നെ തുടരാന്‍ ശ്രിമിക്കുന്നവരെയും കണ്ടെത്തി സ്വന്തം നാടുകളിലേക്ക് തിരിച്ചയ്ക്കുന്ന ഹോം ഓഫിസ് നടപടി ഊര്‍ജിതമായി തുടരുകയാണ്. കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ സന്തം നാടുകളിലേക്ക് തിരിച്ചയച്ചത് 29,867 പേരെയാണ്. ഇതില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ട്. വരും ദിവസങ്ങളില്‍ അനധികൃത കുടിയേറ്റക്കാരെയും വീസ തീര്‍ന്നിട്ടും അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തി നാടുകടത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ഹോം സെക്രട്ടറി യുവെറ്റ് കൂപ്പര്‍ വ്യക്തമാക്കി.