ലണ്ടന്‍: ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും 4% ശമ്പള വര്‍ധനവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 3.6% മാത്രം ശമ്പളം വര്‍ധിപ്പിച്ചത് കടുത്ത പ്രതിഷേധത്തിന് കാരണമായി. യുകെയിലെ നഴ്സുമാരുടെ മുഖ്യ യൂണിയനുകളില്‍ ഒന്നായ ആര്‍സിഎന്‍ അടക്കമുള്ള തൊഴിലാളി സംഘടനകള്‍ ഇതേ തുടര്‍ന്ന് പ്രതിഷേധം കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അധ്യാപകരുടെ ശമ്പള വര്‍ധനവിനെ വിവിധ വിദ്യാഭ്യാസ യൂണിയനുകള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
ശമ്പള കമ്മിഷന്‍ ബോഡിയുടെ ശുപാര്‍ശ പ്രകാരമാണ് ഇപ്പോഴത്തെ വര്‍ധനവ് നടത്തിയിട്ടുള്ളതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഡോക്ടര്‍മാരേക്കാള്‍ വളരെ കുറഞ്ഞ നിരക്കിലുള്ള ശമ്പള വര്‍ധനവ് നഴ്സുമാര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചത് വിചിത്രമായ നടപടിയെന്നാണ് റോയല്‍ കോളജ് ഓഫ് നഴ്സിങിന്റെ പ്രതികരണം. ശമ്പള വര്‍ധനവില്‍ നഴ്സുമാര്‍ സന്തുഷ്ടരാണോ എന്നറിയുവാനും പണിമുടക്കുമായി മുന്നോട്ട് പോകണോ എന്നറിയുവാനും അംഗങ്ങളുമായി കൂടിയാലോചിക്കാന്‍ യൂണിയന്‍ പദ്ധതിയിടുന്നതായും ആര്‍സിഎന്‍ അറിയിച്ചു.
വേതന വര്‍ധനവ് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍: ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍, ദന്തഡോക്ടര്‍മാര്‍, അധ്യാപകര്‍ എന്നിവര്‍ക്കും ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജയില്‍ ഉദ്യോഗസ്ഥര്‍ക്കും 4% ശമ്പള വര്‍ധനവ് റസിഡന്റ് (ജൂനിയര്‍) ഡോക്ടര്‍മാര്‍ക്ക് 750 പൗണ്ടിന്റെ അധിക ടോപ്പ്-അപ്പ് ലഭിക്കും ഇംഗ്ലണ്ടിലെ നഴ്സുമാരും മിഡ്വൈഫുമാരും ഉള്‍പ്പെടെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അജണ്ട ഫോര്‍ ചേഞ്ച് കരാര്‍ പ്രകാരം 3.6% ശമ്പള വര്‍ധനവ് മുതിര്‍ന്ന സിവില്‍ സര്‍വീസുകാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് 3.25% വര്‍ധനവ് യുകെ സായുധ സേനയിലെ അംഗങ്ങള്‍ക്ക് 4.5% വര്‍ധനവ്, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്ക് 3.75% വര്‍ധനവ്