|
ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്-35 യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിന് പാര്‍ക്കിംഗ് ഫീസ് നല്‍കുന്നതായി റിപ്പോര്‍ട്ട്. യുകെയില്‍ നിന്ന് വന്ന വദഗ്ധ സംഘത്തിന് പരിശോധിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമായി വിമാനത്താവളത്തിലെ നിയുക്ത സംവിധാനത്തിലേക്ക് ജൂലൈ ആറിന് വിമാനം മാറ്റിയിരുന്നു.
ബ്രിട്ടീഷ് ജെറ്റിന്റെ പ്രതിദിന പാര്‍ക്കിംഗ് ഫീസ് 26,261 രൂപയാണെന്ന് ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് വിംഗിനെ (IDWR) ഉദ്ധരിച്ച് CNBC-TV 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കണക്കനുസരിച്ച്, ജൂണ്‍ 14 മുതല്‍ 33 ദിവസത്തെ പാര്‍ക്കിംഗ് ഫീസിനത്തില്‍ ഏകദേശം 8.6 ലക്ഷം രൂപയാണ് ഈടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന ബ്രിട്ടീഷ് യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35 ഇന്ധനക്കുറവ് ഉണ്ടായതിനെത്തുടര്‍ന്നാണ് ജൂണ്‍ 14-ന് രാത്രി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. സാങ്കോതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ കുടുങ്ങുകയായിരുന്നു. യുദ്ധവിമാനം പരിശോധിക്കാനും വിലയിരുത്താനും ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സിന്റെ 24 പേരടങ്ങുന്ന സംഘം ജൂലൈ 6 ന് തിരുവനന്തപുരത്ത് എത്തിയിരുന്നു. |