|
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് 3.20നായിരുന്നു വി.എസ് അച്യുതാനന്ദന്റെ അന്ത്യം. 101 വയസായിരുന്നു.
വാര്‍ദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വീട്ടില്‍ വിശ്രമത്തിലായിരുന്ന വി എസിനെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഒരു മാസക്കാലമായി എസ്യുടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആലപ്പുഴ അറവുകാട് ക്ഷേത്ര ദേവസ്വം പ്രസിഡന്റായിരുന്ന അമ്പലപ്പുഴ താലൂക്കിലെ പുന്നപ്ര വെന്തലത്തറ അയ്യന്‍ ശങ്കരന്റെയും അക്കമ്മയുടെയും നാലു മക്കളില്‍ മൂന്നാമന്‍.1923 ഒക്ടോബര്‍ 20-ന് തുലാമാസത്തിലെ അനിഴം നക്ഷത്രത്തില്‍ ജനിച്ചു.ഗംഗാധരന്‍, പുരുഷോത്തമന്‍ എന്നിവര്‍ അച്യുതാനന്ദന്റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയും.നാലു വയസ്സുള്ളപ്പോള്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചതിനെത്തുടര്‍ന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളര്‍ത്തിയത്. അച്ഛന്‍ മരിച്ചതോടെ ഏഴാം ക്‌ളാസ്സില്‍ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയില്‍ ജോലി നോക്കി. നിവര്‍ത്തനപ്രക്ഷോഭത്തിന്റെ ചൂടും ചൂരുമേറ്റ് 1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി. |