|
'ദ കേരള സ്റ്റോറി' സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. 'ബിയോണ്ട് ദ കേരള സ്റ്റോറി' (Beyond The Kerala Story) എന്നാണ് ചിത്രത്തിന് ഇട്ടിരിക്കുന്ന പേര്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള മോഷന്‍ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. 2026 ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
വിപുല്‍ അമൃത്ലാല്‍ ഷായും സണ്‍ഷൈന്‍ പിക്‌ചേഴ്‌സും അവതരിപ്പിക്കുന്ന ഈ ചിത്രം കാമാഖ്യ നാരായണ്‍ സിംഗ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ആഷിന്‍ എ. ഷായാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. ആദ്യ ഭാഗത്തെക്കാള്‍ ഗൗരവകരവും ഇരുണ്ടതുമായ ഒരു പ്രമേയമായിരിക്കും രണ്ടാം ഭാഗത്തിനുള്ളതെന്നാണ് സൂചനകള്‍. 'അവര്‍ പറഞ്ഞു ഇതൊരു കഥ മാത്രമാണെന്ന്. അവര്‍ അതിനെ നിശബ്ദമാക്കാന്‍ ശ്രമിച്ചു. അവര്‍ അതിനെ അവഹേളിക്കാന്‍ ശ്രമിച്ചു. പക്ഷേ സത്യം നിലയ്ക്കുന്നില്ല. കാരണം ചില കഥകള്‍ അവസാനിക്കുന്നില്ല. ഇത്തവണ, അത് കൂടുതല്‍ ആഴങ്ങളിലേക്ക് പോകുന്നു. ഇത്തവണ, അത് കൂടുതല്‍ വേദനിപ്പിക്കുന്നു.' എന്നാണ് മോഷന്‍ പോസ്റ്ററിലെ വാചകങ്ങള്‍ സൂചിപ്പിക്കുന്നത്. |