ലണ്ടന്‍: കഴിഞ്ഞ വര്‍ഷം മാത്രം ഫോണ്‍ മോഷണത്തില്‍ 151 ശതമാനത്തിന്റെ വര്‍ദ്ധനവാണ് നഗരത്തില്‍ രേഖപ്പെടുത്തിയത്. ഇതില്‍ 54 ശതമാനം മോഷണവും സൈക്കിളിലെത്തിയാണ് നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നും കുടിയേറ്റം വര്‍ദ്ധിച്ചതും രാജ്യത്തെ ജീവിത നിലവാരവും പണപ്പെരുപ്പവും ഉയര്‍ന്നും യുകെയില്‍ വലിയൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മോഷണമാണ് ഇന്ന് ബ്രിട്ടന്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. കാറുകള്‍, സൈക്കിളുകള്‍, മോബൈല്‍ ഫോണുകള്‍ തുടങ്ങിയവയെല്ലാം മോഷണം പോകുന്നത് പതിവാണ്. തെരുവുകളില്‍ നിന്നും ആളുകള്‍ നോക്കി നില്‍ക്കുമ്പോള്‍ പോലും സൈക്കിളുകള്‍ മോഷ്ടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ലണ്ടന്‍ നഗരത്തില്‍ മൊബൈല്‍ ഫോണ്‍ മോഷണം കൂടുകയാണെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ യുകെയിലെ മോഷണങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് പുതിയ ക്രൈം സര്‍വേ റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നു. ഫോണ്‍ മോഷ്ടാക്കളെ പിടികൂടുന്നതിനായി 'ഓപ്പറേഷന്‍ ഓപാല്‍' എന്ന പദ്ധതി അവിഷ്‌ക്കരിക്കാനുള്ള ശ്രമത്തിലാണ് ലണ്ടന്‍ പോലീസ്.
കഴിഞ്ഞ വര്‍ഷം മാത്രം ഫോണ്‍ മോഷണത്തില്‍ 151 ശതമാനത്തിന്റെ വര്‍ദ്ധനവാണ് നഗരത്തില്‍ രേഖപ്പെടുത്തിയത്. ഇതില്‍ 54 ശതമാനം മോഷണവും സൈക്കിളിലെത്തിയാണ് നടത്തുന്നതെന്നും ക്രൈംസ്റ്റോപ്പേര്‍സ്.യുകെ.ഓര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണ്‍ മോഷണവുമായി ബന്ധപ്പെട്ട് ദിനംപ്രതി 200 കേസുകളാണ് ലണ്ടന്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മോഷണത്തിലെ ഇത്രയും വലിയ വര്‍ദ്ധനവ് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 78,000 ആളുകള്‍ ഫോണ്‍ മോഷണങ്ങള്‍ക്ക് ഇരയായതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നഗരത്തില്‍ സെക്കന്‍ഡ് ഹാന്‍ഡ് സ്മാര്‍ട്ട്ഫോണുകളുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡാണ് മോഷണ നിരക്ക് ഉയര്‍ത്താന്‍ കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ മോഷണ സാധനങ്ങളുടെ നിയമവിരുദ്ധ വില്പ കൂടിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉയര്‍ന്നു വരുന്ന ഈ ആശങ്ക പരിഹരിക്കുന്നതിന് ആഭ്യന്തരവകുപ്പ് രാജ്യത്തെ പ്രമുഖ സാങ്കേതിക കമ്പനികളുമായും നിര്‍മ്മാതാക്കളുമായും ഉച്ചകോടി സംഘടിപ്പിച്ചു. മോഷ്ടിക്കപ്പെട്ട സ്മാര്‍ട്ട്ഫോണുകളുടെ, അനധികൃത വ്യാപാരം തടയുന്നതിനുള്ള പുതിയ വഴികള്‍ കണ്ടെത്തുന്നതിനാണ് ഈ ഉച്ചകോടി സംഘടിപ്പിക്കപ്പെട്ടത്.
മോഷ്ടിച്ച ഫോണുകള്‍ സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കായി എത്തുന്നതനിന് മുന്നേ ശാശ്വതമായി പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയുമെന്ന് ഫോണ്‍ കമ്പനികള്‍ ഉറപ്പാക്കണം.' എന്ന് ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള നിസഹായരായ മനുഷ്യരെ മോഷ്ടാക്കള്‍ തങ്ങളുടെ ഇരകളായി തെരഞ്ഞെടുക്കുന്നത് വലിയ ഭീതിയുയര്‍ത്തുന്നെന്ന് ദേശീയ പോലീസ് മേധാവികളുടെ കൗണ്‍സിലിന് നേതൃത്വം നല്‍കുന്ന കമാന്‍ഡര്‍ റിച്ചാര്‍ഡ് സ്മിത്ത് പറഞ്ഞു. സ്ഥിരം കുറ്റവാളികളെ പിടികൂടുന്നതിലും യുവാക്കള്‍ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് നീങ്ങുന്നത് തടയുന്നതിലും പോലീസ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഷണങ്ങള്‍ക്ക് പേരുകേട്ട 1,250 പ്രശ്ന മേഖലകളിലാണ് പോലീസ് തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരം പ്രദേശങ്ങളില്‍ പോലീസ് സാന്നിധ്യം ഇരട്ടിയാക്കും. നിരവധി പേരെ ഇതിനകം അറസ്റ്റ് ചെയ്തു. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് അറസ്റ്റ് മാത്രം പോര. മോഷ്ടിച്ച ഫോണുകളുടെ വില്പന തടയുകയും വേണം. ഇതിന് ഫോണ്‍ നിര്‍മ്മാതാക്കളുടെ സഹകണം ആവശ്യമാണെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. പരാതിപ്പെടുന്ന കേസുകളില്‍ 0.8% പരാതികളില്‍ മാത്രമാണ് നടപടിയുണ്ടാകുന്നത് എന്നത് മറ്റൊരു പ്രശ്‌നമാണ്. പലപ്പോഴും ഫോണ്‍മോഷ്ടാക്കളെ കണ്ടെത്തുന്നതില്‍ പോലീസ് പരാജയപ്പെടുന്നു. ഓപ്പറേഷന്‍ ഓപാല്‍ വഴി, ഫോണ്‍ മോഷ്ടാക്കളെ കണ്ടെത്തുന്നതിനും മോഷ്ടിച്ച ഫോണുകള്‍ എവിടേയ്ക്കാണ് പോകുന്നതെന്ന് മനസിലാക്കുന്നതിനുമായി അന്വേഷണത്തിലാണ് പോലീസ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.