യുകെയില്‍ നിന്നുള്ള എട്ടുവയസ്സുകാരിയായ ഫോട്ടോഗ്രാഫറുടെ കാമറയില്‍ പതിഞ്ഞത് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ പിങ്ക് വെട്ടുകിളിയുടെ ചിത്രങ്ങള്‍. ജാമിയെ എന്ന എട്ടുവയസ്സുകാരിയുടെ കാമറയിലാണ് ഈ അപൂര്‍വ ചിത്രങ്ങള്‍ പതിഞ്ഞത്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ജാമി താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ചു. നിമിഷനേരം കൊണ്ട് വൈറലായ ചിത്രങ്ങള്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റി. മനുഷ്യരില്‍ വെറും ഒരു ശതമാനത്തിന് മാത്രമേ തങ്ങളുടെ ജീവിതം കാലത്ത് ഇത്തരത്തിലുള്ള നിറം മാറ്റം സംഭവിച്ച വെട്ടുകിളികളെ കാണാനുള്ള ഭാഗ്യം ലഭിക്കൂ എന്നാണ് പഠനങ്ങള്‍ പറയുന്നത്. കാരണം അവ അത്രയ്ക്ക് അപൂര്‍വ്വമാണെന്നത് തന്നെ.
പിങ്ക് പിഗ്മെന്റിന്റെ അമിത ഉല്‍പ്പാദനത്തിനും കറുപ്പ് നിറത്തിന്റെ ഉല്‍പ്പാദനക്കുറവും കാരണമായാണ് ഇത്തരമൊരു ജനിതകമാറ്റം വെട്ടുകിളികളില്‍ സംഭവിക്കുന്നത്. ഇതോടെ ഇവയുടെ നിറം പിങ്ക് നിറമായി മാറുന്നു. പിങ്ക് വെട്ടുകിളിയുടെ ചിത്രങ്ങളോടൊപ്പം ജാമി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത് താന്‍ വളരെ ഭാഗ്യമുള്ളവളാണെന്നും അല്ലെങ്കില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം ആളുകള്‍ക്ക് കാണാന്‍ കഴിയുന്ന ഈ കാഴ്ച കാണാന്‍ കഴിയുകയില്ലായിരുന്നുവെന്നും ആ എട്ട് വയസുകാരി കുറിച്ചു. വലിയ അഭിനന്ദനവും സ്വീകാര്യതയുമാണ് ജാമിയുടെ പോസ്റ്റിന് ലഭിക്കുന്നത്. ഫോട്ടോഗ്രഫിയില്‍ നിരവധി അവാര്‍ഡുകളും ഇതിനകം ജാമി സ്വന്തമാക്കിയിട്ടുണ്ട്.
നിരവധി പേരാണ് എട്ടുവയസ്സുകാരിയുടെ കഴിവിനെയും ഫോട്ടോഗ്രാഫിയോടുള്ള താല്പര്യത്തെയും അഭിനന്ദിച്ച് കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ജാമിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. കുട്ടികള്‍ ഇത്തരത്തിലാണ് സമൂഹ മാധ്യമത്തെ ഉപയോഗിക്കേണ്ടതെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു. ഈ വര്‍ഷമാദ്യം, അര്‍ക്കന്‍സാസിലെ ബെന്റണില്‍ നിന്നുള്ള 9 വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിയും അപൂര്‍വ പിങ്ക് വെട്ടുക്കിളിയെ കണ്ടെത്തിയിരുന്നു. ഈ വെട്ടുകിളിയെ മില്ലി എന്ന ഓമനപ്പേരിട്ട് ഒരു പ്ലാസ്റ്റിക് പാത്രത്തിനുള്ളിലാക്കി വീട്ടില്‍ സംരക്ഷിച്ചിരിക്കുകയാണ് ഈ പെണ്‍കുട്ടി. ജാമിയുടെ വീഡിയോ ഇതിനകം അമ്പത്തിയെട്ട് ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. ഏതാണ്ട് ഏഴ് ലക്ഷത്തോളം പേരാണ് വീഡിയോയ്ക്ക് ലൈക്ക് ചെയ്തത്.