ലണ്ടന്‍: ടാറ്റ എന്ന പേര് ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നതല്ല. ലോകമെമ്പാടും ടാറ്റയുടെ സാമ്രാജ്യം പടര്‍ന്നു കിടക്കുന്നു. രാജ്യത്തിന് അകത്തും പുറത്തും നിരവധി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും, വില്‍ക്കുകയും ചെയ്യുന്ന കമ്പനിയാണിത്. കമ്പനി പോര്‍ട്ട്ഫോളിയോയില്‍ സ്റ്റീല്‍ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന കാര്യം നിങ്ങളോട് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? സൗത്ത് വെയില്‍സിലെ പോര്‍ട്ട് ടാല്‍ബോട്ടില്‍ പ്രാഥമിക സ്റ്റീല്‍ നിര്‍മ്മാണം നടത്തുന്ന യുകെയിലെ ഏറ്റവും വലിയ ഉരുക്ക് നിര്‍മ്മാതാക്കളാണ് ടാറ്റ സ്റ്റീല്‍. 100 വര്‍ഷത്തെ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഇക്കഴിഞ്ഞ ദിവസം കമ്പനിയുടെ ബ്ലാസ്റ്റ് ഫര്‍ണസ് 4 പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. പൈതൃക സ്റ്റീല്‍ നിര്‍മ്മാണത്തിനാണ് ഇതോടെ കമ്പണി ഫുള്‍സ്റ്റോപ്പിട്ടത്. യുകെയിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ഗ്രീന്‍ സ്റ്റീല്‍ നിര്‍മ്മാണത്തിലേക്ക് മാറുന്നുവെന്ന് മുംബൈ ആസ്ഥാനമായുള്ള സ്റ്റീല്‍ ഭീമന്‍ പറഞ്ഞു. ചരിത്രപരമായ സൈറ്റിന്റെ ശോഭയുള്ളതും, ഹരിതവുമായ ഭാവിക്കായി കാത്തിരിക്കുന്നുവെന്നും, അതിനാല്‍ 5,000 ത്തിലധികം തൊഴിലവസരങ്ങള്‍ നിലനിര്‍ത്തുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
2027- 28 ഓടെ ഈ സൈറ്റിലെ ഉരുക്ക് നിര്‍മ്മാണം പുനരാരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നിക്ഷേപ പിന്തുണയോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. യുകെയില്‍ നിന്നുള്ള സ്‌ക്രാപ്പ് സ്റ്റീല്‍ ഉപയോഗിച്ച് ഇലക്ട്രിക് ആര്‍ക്ക് ഫര്‍ണസ് അധിഷ്ഠിത സ്റ്റീല്‍ നിര്‍മ്മാണ് ലക്ഷ്യം. വെയില്‍സിലെ പോര്‍ട്ട് ടാല്‍ബോട്ട് സ്റ്റീല്‍ വര്‍ക്കില്‍ അത്യാധുനിക ഇലക്ട്രിക് ആര്‍ക്ക് ഫര്‍ണസ് സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യുകെ സര്‍ക്കാരുമായി കമ്പനി അടുത്തിടെ കരാറിലെത്തിയിരുന്നു. തങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും നിലവിലെ സാഹചര്യം എത്ര ബുദ്ധിമുട്ട് നിറഞ്ഞതാണെന്നറിയാമെന്നു ടാറ്റ സ്റ്റീല്‍ സിഇഒ രാജേഷ് നായര്‍ യുകെ പ്രസ്താവനയില്‍ പറഞ്ഞു. ഈ പരിവര്‍ത്തനം മൂലം വരുന്ന മാറ്റങ്ങളാല്‍ ബാധിക്കപ്പെടുന്ന എല്ലാവരുടെയും ആഘാതം കുറയ്ക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നു കമ്പനി പറയുന്നു. യുകെ സ്റ്റീല്‍ ബിസിനസ് കമ്പനിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു.
മറ്റ് സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ക്ക് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും, മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനുമായി കാലാകാലങ്ങളില്‍ വ്യാവസായിക പ്രക്രിയകളും, പുതിയ സാങ്കേതികവിദ്യകളും അവതരിപ്പിക്കപ്പെട്ട ഒരു സ്റ്റീല്‍ പ്ലാന്റിനെയാണ് പോര്‍ട്ട് ടാല്‍ബോട്ട് പ്രതിനിധീകരിക്കുന്നതെന്ന് ടാറ്റ സ്റ്റീലിന്റെ യുകെ ചീഫ് അഭിപ്രായപ്പെട്ടു. പ്ലാന്റിലെ ഫര്‍ണസുകളും, ഓവനുകളും ഉള്‍പ്പെടെയുള്ള പ്രധാന ആസ്തികള്‍ അതിന്റെ പ്രവര്‍ത്തന ലൈഫിന്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ കോണ്‍ഫിഗറേഷന്‍ നിലനിറുത്തുകയോ, പരമ്പരാഗത ഹെവി എന്‍ഡില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയോ ചെയ്യുന്നത് സാമ്പത്തികമായോ, പാരിസ്ഥിതികമായോ ലാഭകരമല്ലെന്ന് ടാറ്റ സ്റ്റീല്‍ യുകെ വ്യക്തമാക്കി.