ലണ്ടന്: ബ്രിട്ടനിലെ മത്സ്യവും മാംസവും വില്‍ക്കുന്ന പുരാതനമായ രണ്ട് മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടും. 1000 വര്‍ഷം പഴക്കമുള്ള രണ്ട് മാര്‍ക്കറ്റുകളാണ് അടച്ചുപൂട്ടുന്നത്. മധ്യ കാലഘട്ടം മുതല്‍ പ്രവര്‍ത്തിക്കുന്ന സവിശേഷമായ മാര്‍ക്കറ്റാണ് അടച്ചു പൂട്ടാനൊരുങ്ങുന്നത്. ബില്ലിംഗ്സ്‌ഗേറ്റ് ഫിഷ് മാര്‍ക്കറ്റ്, സ്മിത്ത്ഫീല്‍ഡ് മീറ്റ് മാര്‍ക്കറ്റ് എന്നിവയാണ് അടച്ചു പൂട്ടാന്‍ ഒരുങ്ങുന്നത്. സിറ്റി ഓഫ് ലണ്ടന്‍ കോര്‍പ്പറേഷന്‍ ഈ രണ്ട് മാര്‍ക്കറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങള്‍ ഒഴിയാനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 11-ാം നൂറ്റാണ്ട് മുതല്‍ രാജ്യത്തിന്റെ തലസ്ഥാന നഗരിയിലുണ്ടായിരുന്ന മാര്‍ക്കറ്റുകളാണിവ. മാര്‍ക്കറ്റ് ലണ്ടന് കിഴക്ക് ഡാഗന്‍ഹാമിലേക്ക് മാറ്റിസ്ഥാപിക്കേണ്ടതില്ലെന്ന് കോര്‍പ്പറേഷന്‍ തീരുമാനിച്ചു.
അടുത്തിടെയുണ്ടായ പണപ്പെരുപ്പവും നിര്‍മ്മാണ ചെലവിലെ വര്‍ദ്ധനവും കണക്കിലെടുത്താണ് കോര്‍പ്പറേഷന്റെ തീരുമാനം. വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. 2028 വരെ പ്രവര്‍ത്തനം തുടരും. മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കോര്‍പറേഷന്‍ പിന്മാറുന്നതിലൂടെ വ്യാപാരികള്‍ക്ക് സ്വതന്ത്രമായ അവസരങ്ങള്‍ തുറന്നു കിട്ടുമെന്ന് ലണ്ടന്‍ കോര്‍പ്പറേഷന്‍ പോളിസി ചെയര്‍മാന്‍ ക്രിസ് ഹെയ്വാര്‍ഡ് പറഞ്ഞു. അവര്‍ക്ക് ഒറ്റയ്‌ക്കോ സംഘമായോ ലണ്ടനില്‍ അവര്‍ ആഗ്രഹിക്കുന്നിടത്തേക്ക് പ്രവര്‍ത്തനം മാറ്റാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സ്മിത്ത്ഫീല്‍ഡ് മാര്‍ക്കറ്റ് സാധാരണ പ്രവര്‍ത്തനം തുടങ്ങുന്നത് രാത്രി 10 മണിക്കാണ്. രാവിലെ 6 മണിക്ക് പ്രവര്‍ത്തനം അവസാനിക്കും. പ്രധാനമായും റെസ്റ്റോറന്റുകളാണ് ഇവിടെ നിന്ന് മത്സ്യവും മാംസവും വാങ്ങുന്നത്. മാര്‍ക്കറ്റിന് ചുറ്റുമുള്ള പബ്ബുകള്‍ക്ക് അതിരാവിലെ തുറക്കാന്‍ പ്രത്യേക ലൈസന്‍സുകള്‍ ഉണ്ടായിരുന്നു. വ്യാപാരികള്‍ക്കായാണ് അവ അതിരാവിലെ പ്രവര്‍ത്തിച്ചിരുന്നത്. മാര്‍ക്കറ്റ് പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ബില്ലിംഗ്സ്‌ഗേറ്റില്‍ 4000 പുതിയ വീടുകള്‍ നിര്‍മ്മിക്കാനാണ് പുതിയ നിര്‍ദ്ദേശം. അതേസമയം സ്മിത്ത്ഫീല്‍ഡ് സാംസ്‌കാരിക കേന്ദ്രമായി മാറ്റി പുതിയ ലണ്ടന്‍ മ്യൂസിയം സ്ഥാപിക്കും.