ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ പൊതുതിരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെ 7 മുതല്‍ രാത്രി 10 വരെ നടക്കും. രാജ്യത്തുടനീളം 650 സ്ഥാനാര്‍ഥികളുമായി 30 പാര്‍ട്ടികള്‍ മത്സരിക്കുന്നത്. ബാലറ്റ് പേപ്പറിലാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. പിറ്റേന്ന് ശനിയാഴ്ച രാവിലെ 9 മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസമായ ഞായറാഴ്ച വൈകുന്നേരത്തോടെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പൂര്‍ണമായി പുറത്തുവരും. മത്സരിക്കുന്ന 650 ല്‍ 174 പേരാണ് പാര്‍ലമെന്റ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുക. അയര്‍ലന്‍ഡില്‍ എംപിമാര്‍ എന്നതിന് പകരം ടിഡിമാര്‍ എന്നാണ് പാര്‍ലമെന്റ് അംഗങ്ങളെ പറയുക.
രാജ്യം ഭരിക്കാന്‍ കേവല ഭൂരിപക്ഷത്തിന് 88 ടിഡിമാര്‍ വേണം. ഫിനഗേല്‍, ഫിനാഫാള്‍, ഗ്രീന്‍ പാര്‍ട്ടി സഖ്യം വീണ്ടും ഭരണത്തില്‍ എത്താനാണ് സാധ്യത. 2020 ല്‍ നടന്ന കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ 30 പാര്‍ട്ടികളും 532 സ്ഥാനാര്‍ഥികളും രംഗത്തുണ്ടായിരുന്നു. എന്നാല്‍ 9 പാര്‍ട്ടികള്‍ക്ക് മാത്രമെ പാര്‍ലമെന്റില്‍ എത്താന്‍ കഴിഞ്ഞുള്ളു. വിജയിച്ചവരില്‍ 19 സ്വതന്ത്രരും ഉണ്ടായിരുന്നു. ഫിനാഫാള്‍, ഫിന്‍ഗേല്‍ പാര്‍ട്ടികള്‍ ആണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുള്ളത്. 81 പേര്‍ വീതമാണ് ഇരു പാര്‍ട്ടികളില്‍ നിന്നും മത്സരിക്കുന്നത്.
സിന്‍ഫെയിന്‍ പാര്‍ട്ടിയില്‍ നിന്നും 71 പേരും ഗ്രീന്‍ പാര്‍ട്ടി, ആന്റു പാര്‍ട്ടി എന്നിവയില്‍ നിന്നും 43 പേര്‍ വീതവും മത്സരിക്കും. പീപ്പിള്‍സ് ബിഫോര്‍ പ്രോഫിറ്റ് സോളിഡാരിറ്റി -42, ലേബര്‍ പാര്‍ട്ടി -32 തുടങ്ങിയ ക്രമത്തിലാണ് മറ്റ് പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികള്‍. ഇതിനു പുറമെ 171 സ്വതന്ത്രരും മത്സരിക്കുന്നുണ്ട്. ആകെയുള്ള 650 സ്ഥാനാര്‍ത്ഥികളില്‍ 246 പേര്‍ വനിതകളാണ്. കാലാവധി അവസാനിച്ച പാര്‍ലമെന്റില്‍ 37 ടിഡിമാര്‍ വനിതകള്‍ ആയിരുന്നു. കഴിഞ്ഞ വാരാന്ത്യത്തില്‍ ആരംഭിച്ച് രാജ്യത്ത് ആഞ്ഞ് വീശിയ കൊടുങ്കാറ്റും കനത്ത മഴയും വെള്ളപ്പൊക്കവും തിരഞ്ഞെടുപ്പ് പ്രചരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ ഇത്തവണ മലയാളി ഔദ്യോഗിക സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. ഫിനഫാള്‍ പാര്‍ട്ടിയാണ് കോട്ടയം പാലാ സ്വദേശിനിയും ഡബ്ലിന്‍ മാറ്റര്‍ പ്രൈവറ്റ് ഹോസ്പിറ്റലിലെ നഴ്‌സുമായ മഞ്ജു ദേവിയെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുന്നത്. അയര്‍ലന്‍ഡ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി പാര്‍ലമെന്റിലേക്ക് ഔദ്യോഗിക സ്ഥാനാര്‍ഥിയാകുന്നത്. ഡബ്ലിന്‍ ഫിംഗാല്‍ ഈസ്റ്റ് മണ്ഡലത്തിലാണ് മഞ്ജു മത്സരിക്കുന്നത്. നിലവിലെ അയര്‍ലന്‍ഡ് മന്ത്രിസഭയിലെ ഭവന, തദ്ദേശ വകുപ്പ് മന്ത്രി ഡാരാ ഓ' ബ്രീന് ഒപ്പം രണ്ടാം സ്ഥാനാര്‍ഥിയായാണ് മഞ്ജു മത്സരിക്കുക. വിജയിച്ചാല്‍ അയര്‍ലന്‍ഡില്‍ നിന്നും ആദ്യമായി ഒരു മലയാളി കൂടി പാര്‍ലമെന്റില്‍ എത്തും.