ലണ്ടന്‍: യുകെയിലെ ലേബര്‍ മന്ത്രിസഭയില്‍ നിന്നും ആദ്യത്തെ രാജി. ഗതാഗത മന്ത്രി ലൂയിസ് ഹൈഗ് (37) ആണ് രാജിവച്ചത്. കിയേര്‍ സ്റ്റാമെര്‍ മന്ത്രിസഭയിലെ ഗതാഗത സെക്രട്ടറിയും 2015 മുതല്‍ ഷെഫീല്‍ഡ് ഹീലെ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുമുള്ള എംപിയുമാണ്. 2013 ല്‍ ഒരു വര്‍ക്ക് മൊബൈല്‍ ഫോണ്‍ മോഷണം പോയെന്ന് പൊലീസിനോട് തെറ്റായി പറഞ്ഞതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ കുറ്റസമ്മതം നടത്തിയ ശേഷമാണ് ലൂയിസ് ഹൈഗ് ഗതാഗത സെക്രട്ടറി സ്ഥാനം രാജിവച്ചത്.
എന്തായാലും പണ്ടെങ്ങോ കള്ളം പറഞ്ഞതിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവച്ച വാര്‍ത്ത യുകെയില്‍ അതിവേഗമാണ് ചര്‍ച്ചകളില്‍ ഇടം നേടി വൈറല്‍ ആയത്. 'എക്കാലത്തെയും ഏറ്റവും പ്രായം കുറഞ്ഞ വനിതാ കാബിനറ്റ് അംഗമായി തന്റെ നിയമനം ജീവിതത്തിലെ അഭിമാനകരമായ നേട്ടങ്ങളില്‍ ഒന്നാണെന്ന്' രാജിക്ക് ശേഷം പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെറിന് അയച്ച കത്തില്‍ ലൂയിസ് ഹൈഗ് പറഞ്ഞു. സര്‍ക്കാരിനെയും കിയേര്‍ സ്റ്റാമെറുടെ നയങ്ങളെയും തുടര്‍ന്നും പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്നും ഹൈഗ് അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുരാത്രിയില്‍ നടത്തിയ നൈറ്റ് ഔട്ടിനിടെ ഫോണ്‍ നഷ്ടപ്പെട്ടുവെന്ന് യുകെ പൊലീസിനോട് പറഞ്ഞുവെന്ന് കഴിഞ്ഞ ദിവസം ലൂയിസ് ഹൈഗ് സമ്മതിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഇന്ന് രാവിലെ മന്ത്രി സ്ഥാനം രാജിവച്ചത്. മന്ത്രി സ്ഥാനം രാജിവച്ചെങ്കിലും എംപിയായി തുടരും.
മൊബൈല്‍ ഫോണ്‍ പിന്നീട് പോയിട്ടില്ലെന്ന് കണ്ടെത്തിയ വിവരം മനഃപ്പൂര്‍വം മറച്ചു വയ്ക്കുക ആയിരുന്നു മന്ത്രി. എന്നാല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്തശേഷം പിന്നീട് തിരിച്ചുകിട്ടിയ കാര്യം വെളിപ്പെടുത്തേണ്ടെന്ന് ഒരു അഭിഭാഷകന്‍ ഉപദേശിച്ചതിനെ തുടര്‍ന്നാണ് ആവിധത്തില്‍ പെരുമാറിയെതെന്നും ലൂയിസ് ഹൈഗ് പറഞ്ഞു. എന്നാല്‍ വിവരം പുറത്തു വന്നതിനെ തുടര്‍ന്ന് പൊലീസ് കേസ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന് കൈമാറി. കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയെങ്കിലും കോടതി ലൂയിസ് ഹൈഗിനെ ശിക്ഷിച്ചില്ല. പകരം മൈനര്‍ കുറ്റകൃത്യമായി കണക്കാക്കി കേസ് ഡിസ്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു. ഇന്ന് പാര്‍ലമെന്റില്‍ ദയാവധം നിയമവിധേയം ആക്കുവാനുള്ള ബില്ലിന്മേല്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മന്ത്രിയുടെ അപ്രതീക്ഷിത രാജി.