ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ വിദേശ തൊഴിലാളികള്‍ക്ക് നല്കുന്ന വര്‍ക്ക് പെര്‍മിറ്റുകള്‍ നേടുന്നതില്‍ ഇന്ത്യക്കാര്‍ മുന്‍പന്തിയിലെന്ന് റിപ്പോര്‍ട്ട്. 2024ല്‍ അയര്‍ലന്‍ഡില്‍ അനുവദിച്ച മൊത്തം വര്‍ക്ക് പെര്‍മിറ്റുകളില്‍ 35% ഇന്ത്യക്കാര്‍ക്കായിരുന്നു. ആകെ 13,566 ഇന്ത്യക്കാര്‍ക്കാണ് വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചത്. ബ്രസീല്‍ (4,553), ഫിലിപ്പീന്‍സ് (4,049) രാജ്യങ്ങളിലെ അപേക്ഷകരും കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റ് നേടിയവരില്‍ ഉള്‍പ്പെടുന്നു. ഐറിഷ് തൊഴില്‍ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ആകെ 42,910 വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 39,390 (91.8 %) വര്‍ക്ക് പെര്‍മിറ്റുകളാണ് വിദേശ തൊഴിലാളികള്‍ക്ക് അനുവദിക്കപ്പെട്ടത്.
വര്‍ക്ക് പെര്‍മിറ്റ് ഏറ്റവും കൂടുതല്‍ ലഭിച്ച ആദ്യ പത്ത് രാജ്യങ്ങളില്‍ ചൈന (1,962), പാക്കിസ്ഥാന് (1,742), ദക്ഷിണാഫ്രിക്ക (1,631), അമേരിക്ക (1,119), നൈജീരിയ (974), സിംബാബ്വെ (971), മലേഷ്യ (662) എന്നിവയും ഉള്‍പ്പെടുന്നു. അതേസമയം, ഏറ്റവും കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റ് നിരസിക്കപ്പെട്ടത് ബ്രസീലുകാരുടെ അപേക്ഷകളിലാണ്. ആകെ 618 അപേക്ഷകളാണ് നിരസിക്കപ്പെട്ടത്. ഐറിഷ് തൊഴില്‍ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് ഹെല്‍ത്ത്കെയര്‍, സോഷ്യല്‍ വര്‍ക്ക് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് വീസ നല്‍കിയിട്ടുള്ളത്. ഇന്‍ഫര്‍മേഷന്‍ - കമ്യൂണിക്കേഷന്‍, കൃഷി - വനം - മത്സ്യബന്ധനം എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയ വിഭാഗങ്ങള്‍.