ലണ്ടന്‍: പലപ്പോഴും പോലീസിന്റെ നടപടികള്‍ വിചത്രമായി സാധാരണക്കാര്‍ക്ക് തോന്നാം. എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങള്‍ നടപടിക്രമങ്ങള്‍ ശരിയായ രീതിയില്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്നാകും പോലീസിന്റെ വിശദീകരണം. അത്തരമൊരു അസാധാരണ വാര്‍ത്ത യുകെയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മകളുടെ അമിതമായ ഐപാഡ് ഉപയോഗം കുറയ്ക്കുന്നതിനായി ചരിത്രാധ്യാപികയായ അമ്മ, ഐപാഡ് എടുത്ത് മാറ്റിവച്ചു. ഇതിന് പിന്നാലെ മകള്‍ പോലീസില്‍ പരാതി നല്‍കി. കേസ് അന്വേഷിച്ചെത്തിയ പോലീസ് അമ്മയെ അറസ്റ്റ് ചെയ്ത് ഏഴ് മണിക്കൂറോളം ജയില്‍ പാര്‍പ്പിച്ചു. തനിക്ക് നേരിട്ട നടപടിയെ വലിയ ആഘാതം എന്നായിരുന്നു ചരിത്രാധ്യാപിക കൂടിയായ അമ്മ അമന്‍ഡ് ബ്രൌണ്‍ പ്രതികരിച്ചത്.
പോലീസ് തന്നോടും തന്റെ 80 വയസുള്ള അമ്മയോടും ഒരു കുറ്റവാളിയോടെന്ന രീതിയിലാണ് പെരുമാറിയതെന്ന് അമാന്‍ഡ, ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം മകളുടെ ഐപാഡ് മാറ്റിവയ്ക്കാന്‍ അമ്മയ്ക്ക് അവകാശമില്ലേയെന്നും അവര്‍ ചോദിച്ചു. അതേസമയം തങ്ങള്‍ക്ക് രണ്ട് ഐപാഡുകള്‍ മോഷ്ടിക്കപ്പെട്ടതായി വിവരം ലഭിച്ചെന്നും അതനുസരിച്ച് വീട്ടിലെത്തി അമാന്‍ഡയോട് ചോദിച്ചപ്പോള്‍ അവര്‍ അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറായില്ലെന്നും സുറേ പോലീസ് പറയുന്നു.
ഐപാഡുകള്‍ തിരികെ നല്‍കാനും പ്രശ്‌നം പരിഹരിക്കാനും പോലീസുകാര്‍ അമാന്‍ഡയെ നിര്‍ബന്ധിച്ചു. എന്നാല്‍ അന്വേഷണത്തോടെ സഹകരിക്കാന്‍ അമാന്‍ഡ തയ്യാറായില്ല. ഇതേ തുടര്‍ന്ന് അവരെ അറസ്റ്റ് ചെയ്യേണ്ടിവന്നെന്നും പോലീസ് സമ്മതിച്ചു. അറസ്റ്റിന് ശേഷം വീട്ടില്‍ പരിശോധന നടത്തിയ പോലീസ് ഐപാഡുകള്‍ കണ്ടെടുത്തു. എന്നാല്‍ ഇതിനിടെ പോലീസ് മകളുടെ സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, പോലീസിന്റെ ഡ്യൂട്ടി മാറുന്ന സമയത്തായിരുന്നു അന്വേഷണം നടന്നത്. ഇതോടെ ആദ്യ സംഘം പോലീസ് മാറി രണ്ടാമത്തെ സംഘം പോലീസെത്തിയപ്പോള്‍ അന്വേഷണ വിവരങ്ങള്‍ ശേഖരിക്കാനും മറ്റ് പേപ്പര്‍ വര്‍ക്കുകള്‍ ചെയ്യാനും വീണ്ടും ആരംഭിച്ചു. ഈ സമയം അത്രയും ഏതാണ്ട് ഏഴ് മണിക്കൂറോളം സമയം അമാന്‍ഡയെ സെല്ലില്‍ അടച്ചിട്ടിരിക്കുകയായിരുന്നെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വന്തം മകളുടെ ഐപാഡ് മാറ്റിവയ്ക്കാന്‍ ഒരമ്മയ്ക്ക് അവകാശമില്ലേയെന്നും പോലീസിന്റെത് അമിത പ്രതികരണമായിരുന്നെന്നും അമാന്‍ഡ കൂട്ടിച്ചേര്‍ത്തു. അതേസമയം അമാന്‍ഡിയെ സ്വന്തം ജാമ്യത്തില്‍ വിട്ട പോലീസ് അതിനായി മുന്നോട്ട് വച്ച ഉപാധികള്‍ വിവാദമായി. കേസുമായി ബന്ധപ്പെട്ട ആരുമായും, സ്വന്തം മകളോട് പോലും ബന്ധപ്പെടില്ലെന്ന ഉറപ്പിലാണ് പോലീസ് അമാന്‍ഡയ്ക്ക് സ്വന്തം ജാമ്യം അനുവദിച്ചത്. ഒപ്പം തങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായത് സാധാരണ നടപടിക്രമം മാത്രമാണെന്ന് അറിയിച്ച പോലീസ് അമാന്‍ഡയ്ക്ക് നേരിടേണ്ടിവന്ന മാനസിക പ്രശ്‌നത്തില്‍ ക്ഷമാപണം നടത്താന്‍ വിസമ്മതിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.