ദുബായ്: തുടര്‍ച്ചയായി 11-ാം വര്‍ഷവും ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (DXB) അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ന് (ഏപ്രില്‍ 14) എയര്‍പോര്‍ട്ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (ACI) വേള്‍ഡ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷം ദുബൈ വിമാനത്താവളം 92.3 ദശലക്ഷം യാത്രക്കാരെ ആണ് സ്വാഗതം ചെയ്തത്. 2023-നെ അപേക്ഷിച്ച് 6.1 ശതമാനത്തിന്റെയും 2019-ലെ കൊവിഡ് മഹാമാരിക്ക് മുമ്പുള്ള നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 7 ശതമാനത്തിന്റെയും വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ 170 രാജ്യങ്ങളിലായി 2,181 വിമാനത്താവളങ്ങളെ ആണ് ACI പ്രതിനിധീകരിക്കുന്നത്.
ലണ്ടനിലെ ഹീത്രോ അന്താരാഷ്ട്ര വിമാനത്താവളം രണ്ടാം സ്ഥാനത്തും സിയോള്‍ ഇഞ്ചിയോണ്‍ (സൗത്ത് കൊറിയ) എയര്‍പോര്‍ട്ട് മൂന്നാം സ്ഥാനത്തും ആണ്. സിംഗപ്പൂര്‍ ചാംഗി, ആംസ്റ്റര്‍ഡാം ഷിഫോള്‍ എന്നിവ ആണ് 4, 5 സ്ഥാനങ്ങളില്‍. ആഭ്യന്തര യാത്ര കൂടി ഉള്‍പ്പെടുത്തിയാല്‍ ഡെല്‍റ്റ എയര്‍ ലൈനിന്റെ ആസ്ഥാനമായ അമേരിക്കയിലെ ഹാര്‍ട്ട്‌സ്ഫീല്‍ഡ്-ജാക്‌സണ്‍ അറ്റ്‌ലാന്റ വിമാനത്താവളം 108.1 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തുകൊണ്ട് ആഗോളതലത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആഭ്യന്തര വിഭാഗത്തിലും ദുബായ് എയര്‍പോര്‍ട്ട് രണ്ടാം സ്ഥാനത്ത് ആണ്. 2024-ല്‍ 77.8 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തുകൊണ്ട് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ആഗോളതലത്തില്‍ 9-ാം സ്ഥാനം നേടി. ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന് ചൈനയിലെ ഷാങ്ഹായ് പുഡോങ് അന്താരാഷ്ട്ര വിമാനത്താവളമാണ്. 2023-ല്‍ 21-ാം സ്ഥാനത്ത് ഉണ്ടായിരുന്ന വിമാനത്താവളം കഴിഞ്ഞവര്‍ഷം 10-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
2024 ല്‍ ആഗോള വിമാന യാത്രക്കാരുടെ എണ്ണം ഏകദേശം 9.5 ബില്യണിലെത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് 2023 നെ അപേക്ഷിച്ച് 9 ശതമാനം വര്‍ധനയും 2019 നെ അപേക്ഷിച്ച് 3.8 ശതമാനം വര്‍ധനവും ആണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങള്‍ മാത്രം 855 ദശലക്ഷം യാത്രക്കാരെ ആണ് സ്വാഗതം ചെയ്തത്. ആഗോള ഗതാഗതത്തിന്റെ 9 ശതമാനം വരും ഇത്.